പൊന്നാനി : ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊന്നാനി ചമ്രവട്ടം ജങ്‌ഷൻ മുതൽ പള്ളപ്രം വരെ രണ്ടു കിലോമീറ്റർ ദൂരത്തിൽ റോഡ് മുറിച്ചുകടക്കാൻ സംവിധാനമില്ലാതായി.
റോഡിനിരുവശവുമായി സ്ഥിതിചെയ്യുന്ന രണ്ട് എൽ.പി. സ്കൂളുകൾ, മദ്രസ, നാല് ഹയർസെക്കൻഡറി സ്കൂളുകൾ എന്നിവിടങ്ങളിൽ പഠിക്കുന്ന നൂറുകണക്കിനു കുട്ടികളെയാണ് ഇത് ദുരിതത്തിലാക്കിയത്. റോഡ് മുറിച്ചുകടക്കാൻ രണ്ടു കിലോമീറ്റർ അധികയാത്ര ചെയ്യേണ്ട അവസ്ഥയാണ്.
സാങ്കേതിക കാരണങ്ങളാൽ ഇവിടെ അടിപ്പാത അനുവദിച്ചിട്ടില്ല. ഉന്നതതലങ്ങളിൽനിന്നുള്ള ഇടപെടൽ മൂലം ഉറൂബ് നഗറിൽ അടിപ്പാത അനുവദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും നടന്നില്ല. ഉറൂബ് നഗറിൽ റോഡിനിരുവശവും രണ്ടു സെന്റ് സ്ഥലം വിട്ടുനൽകിയാൽ നടപ്പാത നിർമ്മിച്ചുനൽകാമെന്ന നിലപാടിലാണ് എൻ.എച്ച്. അധികൃതർ.
എന്നാൽ മറ്റു ചില ഇടപെടലുകളെ തുടർന്ന് പുതുപൊന്നാനി ഗേൾസ് ഹയർസെക്കൻഡറി സ്കൂളിനു മുന്നിൽ വിദ്യാർഥിനികൾക്കും കാൽനടയാത്രക്കാർക്കും ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്കും റോഡ് മുറിച്ചുകടക്കാൻ അഞ്ച് മീറ്റർ നീളത്തിലും രണ്ടര മീറ്റർ ഉയരത്തിലും ഒരു മിനി അടിപ്പാത നിർമ്മിച്ചുനൽകാൻ ദേശീയപാത അധികൃതർ തയ്യാറായിട്ടുണ്ട്.
ഇത്തരത്തിലൊരു മിനി അടിപ്പാത ചമ്രവട്ടം ജങ്‌ഷനിലും പള്ളപ്രത്തിനുമിടയിൽ തെയ്യങ്ങാടോ, ഓം തൃക്കാവ് മേഖലയിലോ നിർമ്മിച്ചുനൽകണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഇതിനുവേണ്ടി ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് സമരപരിപാടികളുമായി മുന്നോട്ടുപോകാനും കോടതിയെ സമീപിക്കാനും ഒരുങ്ങുകയാണ് ജനങ്ങൾ ഇപ്പോൾ.