പൊന്നാനി : സ്കൂളിലേക്കുള്ള റോഡ് പുനർനിർമിച്ച് ഗതാഗതയോഗ്യമാക്കിയതിന് നന്ദി അറിയിക്കാൻ വിദ്യാർഥികൾ നഗരസഭാധ്യക്ഷന് മുൻപിലെത്തി. കൊല്ലൻപടി -കടവനാട് അയ്യപ്പൻകാവ് റോഡ് നവീകരിച്ചതിന്റെ നന്ദി രേഖപ്പെടുത്താനാണ് കടവനാട് ഗവ. ഫിഷറീസ് യു.പി. സ്‌കൂളിലെ വിദ്യാർഥികൾ നഗരസഭാ കാര്യാലയത്തിലെത്തി അധ്യക്ഷൻ ശിവദാസ് ആറ്റുപുറത്തെ നേരിട്ടുകണ്ട് നന്ദിയറിച്ചത്.
തുറമുഖ വകുപ്പിന്റെ ഫണ്ടുപയോഗിച്ച് ഒരുകോടി രൂപ ചെലവിലാണ് റോഡ് നവീകരിച്ചത്. മഴക്കാലത്ത് വെള്ളക്കെട്ടു കാരണം ഇവിടെ യാത്ര ദുസ്സഹമായിരുന്നു. മുട്ടിനൊപ്പം വെള്ളത്തിലൂടെ നടന്നാണ് കുട്ടികൾ സ്‌കൂളിലെത്തിയിരുന്നത്. റോഡിലൂടെയുള്ള യാത്ര ദുഷ്‌കരമാണെന്നും അതിനു പരിഹാരം കാണണമെന്നും വിദ്യാർഥികൾ കഴിഞ്ഞവർഷം ആവശ്യപ്പെട്ടിരുന്നു. റോഡിന്റെ ദുരവസ്ഥയ്ക്കു പരിഹാരം കാണുമെന്ന് അധ്യക്ഷൻ അന്നു കുട്ടികൾക്ക് ഉറപ്പുനൽകിയിരുന്നതാണ്.
ഫണ്ട് അനുവദിച്ചുകിട്ടിയതോടെ പണികൾ വേഗത്തിൽ നടത്തിയാണ് 750 മീറ്റർ റോഡ് പുനർനിർമിച്ചത്. പ്രഥമാധ്യാപകൻ കെ. ബാബുരാജ്, പി.ടി.എ. പ്രസിഡന്റ് എം.പി. ഖാലിദ്, സ്കൂൾ ലീഡർ കെ.ജെ. അനശ്വര എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം അധ്യക്ഷന് ബൊക്കയും സ്‌കൂളിന്റെ വക ഉപഹാരവും നൽകി.