പൊന്നാനി: നഗരസഭയിൽ താത്കാലിക ജീവനക്കാർക്ക് പിൻവാതിൽ നിയമനമെന്നാരോപിച്ച് കൗൺസിൽ യോഗം യു.ഡി.എഫ്. ബഹിഷ്‌കരിച്ചു. നഗരസഭയിലെ താത്കാലിക ജീവനക്കാരുടെ നിയമനം സാധൂകരിക്കുന്നതിനായി സർക്കാരിലേക്ക് സമർപ്പിക്കുന്നതിനായുള്ള അജൻഡയിലാണ് പ്രതിപക്ഷ പ്രതിഷേധമുണ്ടായത്. ഡ്രൈവർ, ചെയർമാൻ പേഴ്‌സണൽ അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ്-2 എന്നീ തസ്തികയിലുള്ളവരുടേതുൾപ്പെടെ ഏഴ് നിയമനങ്ങൾക്കാണ് നഗരസഭാ ഭരണസമിതി തീരുമാനമെടുത്തത്.

എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തുന്നതിനു പകരം പാർട്ടിക്കാർക്ക് പിൻവാതിൽ നിയമനം നടത്തുന്നുവെന്നാരോപിച്ച് കൗൺസിൽ യോഗത്തിൽ യു.ഡി.എഫ്. അംഗങ്ങൾ ബഹളംവെച്ചു.തുടർന്ന് പ്രതിപക്ഷം കൗൺസിൽ യോഗം ബഹിഷ്‌കരിക്കുകയും ചെയ്തു. നേരത്തെ നടന്ന നിയമനത്തിൽ കോടതിയിൽ കേസ് നിലനിൽക്കെ വീണ്ടും ഇത്തരം നീക്കവുമായി മുന്നോട്ടുപോകുന്നത് പൊതുജനത്തെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്നും കൗൺസിൽ തീരുമാനംപോലുമില്ലാതെയാണ് താത്കാലിക നിയമനം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം പറഞ്ഞു.

അതേസമയം, മുൻപ് കൗൺസിൽ യോഗത്തിൽ തീരുമാനമെടുത്ത നിയമനങ്ങളെ സംബന്ധിച്ചാണ് കൗൺസിൽ അജൻഡയിൽ വന്നതെന്നും പുതിയ നിയമനങ്ങളല്ലെന്നും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം പറഞ്ഞു.

പ്രതിഷേധത്തിന് പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം, അനുപമ മുരളീധരൻ, ആയിഷ അബ്ദു, മിനി ജയപ്രകാശ്, കെ.എം. ഇസ്മായിൽ, ശ്രീകല ചന്ദ്രൻ, ശബ്‌ന ആസ്മി, റാഷിദ് നാലകത്ത്, എം.പി. ഷബീറാബി, പ്രിയങ്ക വേലായുധൻ എന്നിവർ നേതൃത്വം നൽകി

Related Post

Leave a Reply

Your email address will not be published. Required fields are marked *