പൊന്നാനി ∙ സിവിൽ സ്റ്റേഷൻ അനക്സ് കെട്ടിടം നിർമിക്കുന്നതിനായി വില്ലേജ് ഓഫിസ് പൊളിക്കാൻ ടെൻഡർ നൽകി. അടുത്തയാഴ്ചയോടെ കെട്ടിടം പൊളിക്കും. പൊന്നാനി നഗരം വില്ലേജ് ഓഫിസ് ഇനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിലാണ് പ്രവർത്തിക്കുക. പുതിയ കെട്ടിടം നിർമിക്കുന്നതിന്റെ ഭാഗമായി സിവിൽ സ്റ്റേഷൻ കോംപൗണ്ടിലെ ഇറിഗേഷൻ ഓഫിസും ചുറ്റുമതിലും പാർക്കിങ് ഏരിയയും പൊളിക്കേണ്ടതുണ്ട്. ഇതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായിട്ടില്ല. ഉടൻ ഇതിന്റെ ടെൻഡറും ഉണ്ടാകുമെന്നാണ് അറിയുന്നത്. വില്ലേജ് ഓഫിസ് പൊളിക്കുന്നതിന് 57,000 രൂപയ്ക്കാണ് കരാർ ഉറപ്പിച്ചിരിക്കുന്നത്. ഇറിഗേഷൻ ഓഫിസും ചുറ്റുമതിലും പാർക്കിങ് ഏരിയയും ഉൾപ്പെടുന്ന ഭാഗം പൊളിച്ചു നീക്കുന്നതിന് 87,000 രൂപയാണ് അനുവദിച്ചത്. ടെൻഡർ ഏറ്റെടുക്കാൻ ആളില്ലാത്തതിനാലാണ് നടപടികൾ നീളുന്നതെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.
അനക്സ് കെട്ടിടം നിർമിക്കുന്നതിന് ഇൗ ഭാഗത്തെ കെട്ടിടങ്ങൾ പൊളിച്ച് ഉടൻ സൗകര്യമൊരുക്കേണ്ടതുണ്ട്. കോടതി ഉൾപ്പെടെ വിവിധ സർക്കാർ ഓഫിസുകൾക്കായാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. 10 കോടി രൂപയാണ് പുതിയ കെട്ടിടത്തിനായി അനുവദിച്ചിരിക്കുന്നത്. നിലവിലെ കോടതി കെട്ടിടം തകർച്ചയിലായതിനാൽ പുതിയ കെട്ടിടത്തിലേക്കു മാറ്റുന്നതിന് വേഗത്തിൽ നിർമാണം പൂർത്തിയാക്കുമെന്നാണ് അറിയിച്ചത്. എന്നാൽ, പദ്ധതി തുടങ്ങുന്നതിനുള്ള സൗകര്യമൊരുക്കാത്തത് ആശങ്കയുയർത്തുന്നുണ്ട്. പുതിയ കെട്ടിടത്തിൽ പരമാവധി സൗകര്യം കോടതിക്ക് ഒരുക്കുമെന്നും ബാക്കിയുള്ള സൗകര്യമനുസരിച്ചു മാത്രമായിരിക്കും മറ്റ് ഓഫിസുകൾ മാറ്റുന്ന കാര്യം തീരുമാനിക്കുകയെന്നും പി.നന്ദകുമാർ എംഎൽഎ അറിയിച്ചിരുന്നു.