പൊന്നാനി : മാലിന്യം കുന്നുകൂടിക്കിടന്നിരുന്ന സ്ഥലങ്ങളിൽ സുഗന്ധംപരത്തി പൂക്കൾവിരിഞ്ഞു. വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ. മൂക്കുപൊത്തി മുഖംതിരിച്ച് നടന്നയിടങ്ങളിലേക്ക് ആഹ്ലാദത്തോടെ കടന്നിരിക്കാവുന്ന സ്ഥിതി. മാലിന്യകേന്ദ്രങ്ങളായിരുന്ന സംസ്ഥാനത്തെ 2,740 ഇടങ്ങൾ സ്നേഹാരാമങ്ങളാണിപ്പോൾ.

ഉന്നതവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ സ്കൂളുകളിലെയും കോളേജുകളിലെയും എൻ.എസ്.എസ്. യൂണിറ്റുകൾ നടപ്പാക്കിയ പദ്ധതിയാണ് ‘സ്നേഹാരാമം’. മാലിന്യമുക്ത നവകേരളം കാമ്പയിനിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. 3,000 സ്നേഹാരാമങ്ങളാണ് ലക്ഷ്യം. 260 എണ്ണം അന്തിമഘട്ടത്തിലാണ്.

മാലിന്യം വലിച്ചെറിയുന്നത് തടയുക, വൃത്തിയുള്ള പൊതു ഇടങ്ങളുണ്ടാക്കുക, ശുചിത്വത്തെക്കുറിച്ച് അവബോധമുണ്ടാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്.

പൊതുജനങ്ങൾ അലക്ഷ്യമായി മാലിന്യം തള്ളിക്കൊണ്ടിരിക്കുന്ന ഏതെങ്കിലും ഒരു പ്രദേശമോ വൃത്തിഹീനമായി കിടക്കുന്ന പൊതുസ്ഥലമോ ഏറ്റെടുത്ത് മാലിന്യമുക്തമാക്കി പൊതുജനങ്ങൾക്ക് വിശ്രമത്തിനും മറ്റും ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാക്കുകയാണ് ചെയ്തത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ശുചിത്വമിഷന്റെയും സഹകരണത്തോടെയാണ് പദ്ധതി പൂർത്തിയാക്കുന്നത്. പച്ചത്തുരുത്ത്, ചുമർച്ചിത്രം, വെർട്ടിക്കൽ ഗാർഡൻ, പാർക്ക്, വിശ്രമസംവിധാനം, ഇൻസ്റ്റലേഷൻ എന്നിങ്ങനെ ഓരോ യൂണിറ്റിലെയും വിദ്യാർഥികളുടെ സർഗാത്മകതയ്ക്കനുസരിച്ചാണ് പ്രദേശത്തെ സ്നേഹാരാമമാക്കി മാറ്റിയെടുക്കുന്നത്. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ‘ഹരിതം നിർമലം’ പദ്ധതിയുടെ ഭാഗമായാണ് സ്നേഹാരാമങ്ങൾ യാഥാർഥ്യമാക്കിയത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *