എരമംഗലം : അയിരൂർ കുട്ടാടംപാടത്തെ കൃഷിക്ക് മഴ വില്ലനായതോടെ ഇത്തവണ കൊയ്ത്തുകഴിഞ്ഞപ്പോൾ കർഷകർക്ക് കനത്ത നഷ്ടം. 2023 ഓഗസ്റ്റ്, സെപ്റ്റംബർ മാസത്തിലാണ് പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിനുകീഴിലെ കുട്ടാടംപാടത്ത് 65 കർഷകർ ചേർന്ന് 154 ഏക്കറിൽ മുണ്ടകൻകൃഷി തുടങ്ങിയത്. ഞാറ്റടിയുടെ തുടക്കത്തിലും ഞാറു നടീലിനും കതിരു വന്നപ്പോഴും കനത്ത മഴയെത്തിയത് കർഷകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി.
കൃഷി പകുതിയിൽ ഉപേക്ഷിച്ചു പാടത്തുനിന്ന് കയറാൻ തയ്യാറാവാത്ത കർഷകർ തൃശ്ശൂർ, പാലക്കാട് ജില്ലകളിൽനിന്ന് ഞാറുകളെത്തിച്ചു മഴയിൽ ഒലിച്ചുപോയ ഞാറുകൾക്ക് പകരമായി നട്ടു കൃഷി തുടർന്നു.
വിളവെടുപ്പിന് ഒരു ഏക്കറിൽനിന്ന് 2500 കിലോയിൽ കുറയാത്ത നെല്ലു കിട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, കഴിഞ്ഞദിവസങ്ങളിലായി തുടങ്ങിയ കൊയ്ത്തിൽ നിരാശ മാത്രമായിരുന്നു. പലകർഷകർക്കും തങ്ങളുടെ പാടത്തുനിന്ന് 1000 കിലോഗ്രാം നെല്ലു മാത്രമാണ് ലഭിച്ചത്. ഇത്തവണ വിളവെടുപ്പ് വലിയ നഷ്ടമായെന്ന് അയിരൂർ പാടശേഖരസമിതി പ്രസിഡന്റ് മുഹമ്മദ് തെങ്ങിലും സെക്രട്ടറി കല്ലയിൽ ശംസുദീനും പറഞ്ഞു.
അഞ്ചു കർഷകരുടെ പാടത്തുമാത്രമാണ് നഷ്ടമില്ലാത്ത വിളവെടുപ്പ് ഉണ്ടായത്. ബാക്കി 60 പേരുടെയും പാടങ്ങളിൽ നഷ്ടമാണ്. ഇതിൽ പത്തിലേറെ കർഷകരുടെ പാടത്ത് 500 കിലോഗ്രാം നെല്ലുപോലും ഒരു ഏക്കറിൽനിന്ന് കിട്ടിയില്ലെന്നും ഭാരവാഹികൾ പറഞ്ഞു.