പൊന്നാനി: ആറുവരിപ്പാതയിൽ, പൊന്നാനിയിലെ പ്രധാന നഗരഭാഗമായ ചമ്രവട്ടം ജംക്‌ഷനോടു ചേർന്ന് എൻട്രൻസും എക്സിറ്റുമില്ല. കോട്ടത്തറ ഭാഗത്തും തെയ്യങ്ങാട് കണ്ടേൻകുളങ്ങര ക്ഷേത്ര പരിസരത്തുമാണ് സർവീസ് റോഡിലേക്ക് എൻട്രൻസുള്ളത്. കോഴിക്കോട് ഭാഗത്തുനിന്നു വരുന്നവർ കോട്ടത്തറ കണ്ടകുറമ്പക്കാവ് ക്ഷേത്രത്തിനു സമീപത്തുനിന്നും സർവീസ് റോഡിലേക്കിറങ്ങി മേൽപാലത്തിനടിയിലൂടെ പൊന്നാനി–എടപ്പാൾ റോഡിലേക്കു കയറണം. കൊച്ചി ഭാഗത്തുനിന്നുള്ളവർക്ക് കണ്ടേൻകുളങ്ങര ക്ഷേത്രത്തിനു സമീപത്തെ എൻട്രൻസിലൂടെ സർവീസ് റോഡിലേക്കിറങ്ങി ജംക്‌ഷൻ ഭാഗത്തേക്കു വരാം. ഏഴിടങ്ങളിൽ സർവീസ് റോഡിലേക്ക് എക്സിറ്റും എൻട്രിയുമുണ്ട്. പക്ഷേ, ആറുവരിപ്പാതയുടെ ഭാഗമായുള്ള അനുബന്ധ പദ്ധതികൾ ഒന്നും പൊന്നാനിയിൽ നടപ്പാക്കാനുള്ള നീക്കമില്ല.
നരിപ്പറമ്പ് കഴിഞ്ഞാൽ പിന്നെ ഈശ്വരമംഗലം മൊഹ്‍യുദ്ദീൻ പള്ളിക്ക് സമീപത്ത് ആറുവരിപ്പാതയുടെ ഇരുഭാഗത്തും സർവീസ് റോഡിലേക്ക് എക്സിറ്റും എൻട്രിയുമുണ്ട്. ചെറുവായ്ക്കര വില്ലേജ് ഓഫിസ് റോഡ് പരിസരം, കോട്ടത്തറ, തെയ്യങ്ങാട് കണ്ടേൻകുളങ്ങര ക്ഷേത്ര പരിസരം, പള്ളപ്രം, പൊലീസ് സ്റ്റേഷൻ, പുതുപൊന്നാനി എന്നിവടങ്ങളിലാണ് എൻട്രൻസും എക്സിറ്റും വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. ചമ്രവട്ടം ജംക്‌ഷനിൽ മേൽപാലം നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കരാർ തീയതിക്കു മുൻപായി ഇൗ മേഖലകളിലെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ഇടവേളകളില്ലാതെ നിർമാണം മുന്നോട്ടു പോകുന്നുണ്ട്.