പൊന്നാനി: വീതികുറഞ്ഞ റോഡും പാലവും. ഗതാഗതക്കുരുക്കിൽപ്പെട്ട് നീങ്ങുന്ന വാഹനങ്ങൾ. ഇരുവശത്തും കാലപ്പഴക്കംചെന്ന കെട്ടിടങ്ങൾ. പൊന്നാനി അങ്ങാടിയുടെ ഈ അവസ്ഥ തുടങ്ങിയിട്ട് വർഷങ്ങളേറെയായെങ്കിലും വികസനം ഇപ്പോഴും അകലെയാണ്.
പല യോഗങ്ങളും സർവേകളും നടന്നുവെങ്കിലും അങ്ങാടിയിലെ ദുരിതത്തിന് ഇപ്പോഴും പരിഹാരമായിട്ടില്ല. ബലക്ഷയമുള്ള കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കടകൾക്കുപോലും ലൈസൻസ് പുതുക്കി നൽകുന്നതായും ആക്ഷേപമുണ്ട്.
പഴക്കംചെന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിന് നഗരസഭ മുൻകൈയെടുക്കുന്നില്ലെന്നും വിമർശനമുണ്ട്. മൂന്നുവർഷം മുൻപ് സർവേ നടത്തി ബലക്ഷയമുള്ള കെട്ടിടങ്ങൾ കണ്ടെത്തുകയും പൊളിച്ചുനീക്കാൻ നഗരസഭ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ, തുടർനടപടികളുണ്ടായില്ല.
കാലപ്പഴക്കംചെന്ന കെട്ടിടങ്ങൾ തകർന്നുവീണ സംഭവങ്ങളുണ്ടായിട്ടും പഴയ കെട്ടിടങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനോ കെട്ടിടം പൊളിച്ചുമാറ്റുന്നതിനോ വേണ്ടി നഗരസഭയുടെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുണ്ടായില്ലെന്നും വിമർശനമുണ്ട്.
പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കി റോഡ് വീതികൂട്ടണമെന്ന ആവശ്യം ശക്തമാണ്. മിക്ക വ്യാപാരികളും ഇതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. കെട്ടിടമുടമകളെയും വ്യാപാരികളെയും പങ്കെടുപ്പിച്ചുള്ള യോഗം വിളിച്ചുചേർക്കണമെന്നും ആവശ്യമുയരുന്നുണ്ട്. നഗരസഭ വിളിച്ചുചേർക്കുന്ന യോഗങ്ങളിൽ കെട്ടിടമുടമകൾ എത്താത്തതും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി റോഡ് വീതികൂട്ടുകയും അങ്ങാടിപ്പാലം വീതികൂട്ടി പുനർനിർമിക്കുകയും ചെയ്താൽ അങ്ങാടിയുടെ പഴയകാല പ്രതാപം വീണ്ടെടുക്കാം.