പൊന്നാനി : കടവനാട് ശ്രീ പറങ്കിവളപ്പ് ക്ഷേത്രത്തിലെ കുംഭ ഭരണി പൂരാഘോഷങ്ങള്‍ക്കാണ് ബുധനാഴ്ച്ച രാവിലെ കൊടിയേറ്റത്തോടെ തുടക്കമായത്. ഫെബ്രുവരി ഏഴ് മുതല്‍ പതിനഞ്ച് വരെയാണ് മഹോത്സവ ആഘോഷങ്ങള്‍ നടക്കുക. പറങ്കിവളപ്പ് നാട്ടുകൂട്ടം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 7, 8, 9, 10, തീയ്യതികളില്‍ കളംപാട്ട് നടത്തും കൂടാതെ ക്ഷേത്രത്തിലെത്തുന്നവര്‍ക്കായി പ്രഭാത ഭക്ഷണവും നാട്ടുകൂട്ടം കമ്മിറ്റി ഒരുക്കിയിട്ടുണ്ട്.
ടാസ്‌ക് കടവനാടിന്റെ ആഭിമുഖ്യത്തില്‍ കുട്ടികളുടെയും വനിതകളുടെയും കലാപരിപാടികളും പതിനഞ്ചാം തീയ്യതി കുംഭഭരണി ദിവസത്തില്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് നടതുറക്കല്‍, ദീപാലങ്കാരം,ഗണപതിഹോമം, മലര്‍ നിവേദ്യം, ശീവേലി, വിശേഷാല്‍ പൂജകള്‍ , പുഷ്പാഞ്ജലി, കൊടി വരവുകള്‍’ എന്നിവയും ഉച്ചപൂജ, തുടര്‍ന്ന് ഗജവീരന്റെ അകമ്പടിയോടും പഞ്ചവാദ്യത്തോടും കൂടി കണ്ണംതൃക്കാവ് ക്ഷേത്രത്തില്‍ നിന്ന് എഴുന്നെള്ളിപ്പ് വിവിധ ഭാഗങ്ങളില്‍ നിന്ന് വിവിധ കലാരൂപങ്ങള്‍, ഭഗവതിത്തിറ, പൂതന്‍ കരിങ്കാളികള്‍ എന്നിവയോടെയുള്ള വരവുകളുമുണ്ടാവും. വൈകീട്ട് ദീപാരാധന, കേളി, കാളവേല, അത്താഴപൂജ , കോവിലിങ്കല്‍ ഗംഗാധരന്‍ & പാര്‍ട്ടിയുടെ തായമ്പക, രാത്രി 12 ന് പാതിരാ താലം എഴുന്നെള്ളിപ്പ് ,ഗുരുതി എന്നിവ നടക്കും.