വാഹനങ്ങള്‍ ആക്രിക്കച്ചവടക്കാര്‍ക്കും മറ്റും വില്‍ക്കുമ്പോള്‍ സൂക്ഷിക്കുക. ചിലപ്പോള്‍ വാഹന ഉടമ പോലീസ് സ്റ്റേഷനില്‍ കയറേണ്ടിവന്നേക്കാം. പൊളിക്കാന്‍ കൈമാറുമ്പോള്‍ പോലും വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍.സി.) റദ്ദാക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശിച്ചു.

ആര്‍.സി. റദ്ദാക്കാതെ പൊളിക്കാന്‍ കൈമാറുമ്പോള്‍ വാഹനം പുനരുപയോഗിക്കുന്ന സാഹചര്യമുണ്ടാകാനിടയുണ്ട്. പിന്നീട് ഈ വാഹനം എന്തെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചാല്‍ നിയമനടപടി നേരിടേണ്ടിവരിക, വാഹന ഉടമയാകുമെന്നതാണ് പ്രശ്‌നം. ഇത്തരം കേസുകള്‍ കൂടുതല്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെത്തുടര്‍ന്നാണ് വകുപ്പിന്റെ നിര്‍ദേശം.

വീടുകളില്‍ പലപ്പോഴും പഴയ വാഹനങ്ങള്‍ ഉപയോഗമില്ലാതെ തുരുമ്പെടുത്തുകിടക്കാറുണ്ട്. കൂടുതലും ഇരുചക്രവാഹനങ്ങളാണ്. പഴയ സാധനങ്ങള്‍ എടുക്കാന്‍ ആളുകളെത്തുമ്പോള്‍ ഇത് തൂക്കിവില്‍ക്കും. ആര്‍.സി. റദ്ദാക്കാതെ ഇത് വില്‍ക്കുമ്പോഴുള്ള പ്രശ്‌നമാണ് മോട്ടോര്‍ വാഹനവകുപ്പ് ചൂണ്ടിക്കാണിക്കുന്നത്.

ഇത്തരം വാഹനങ്ങള്‍ തകരാര്‍ പരിഹരിച്ച് ഇവര്‍ വില്‍ക്കുകയോ പുനരുപയോഗിക്കുകയോ ചെയ്താലാണ് പ്രശ്‌നം. വാഹനം അപകടത്തില്‍പ്പെട്ടാലോ മോഷണത്തിനോ മറ്റ് കുറ്റകൃത്യങ്ങള്‍ക്കോ ഉപയോഗിച്ച് പിടിക്കപ്പെട്ടാലോ ആണ് ഉടമ കുടുങ്ങുക.

പൊളിക്കാന്‍ മോട്ടോര്‍ വാഹന ഓഫീസില്‍ ഒരു അപേക്ഷ നല്‍കണം. ഏതെങ്കിലും നികുതി, പിഴ തുടങ്ങിയവ നല്‍കാന്‍ ബാക്കിയുണ്ടെങ്കില്‍ അത് തീര്‍ക്കണം. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ചേസിസ് നമ്പര്‍, എന്‍ജിന്‍ നമ്പര്‍ എന്നിവ കട്ട് ചെയ്ത് വാഹനം പൊളിച്ചശേഷം, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനം പൊളിച്ചുകളഞ്ഞുവെന്ന് റിപ്പോര്‍ട്ട് ചെയ്യും. ഇതോടെയാണ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാകുകയെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *