മലപ്പുറം : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മുണ്ടിവീക്കം റിപ്പോർട്ട് ചെയ്യുന്നതായും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക. മുണ്ടിനീര്, മുണ്ടിവീക്കം എന്നീ പേരുകളിൽ അറിയപ്പെടുന്ന രോഗം മിക്‌സോ വൈറസ് പരൊറ്റിഡൈറ്റിസ് എന്ന വൈറസ് മൂലമാണ് ഉണ്ടാകുന്നത്. വായുവിലൂടെ പകരുന്ന രോഗം ഉമിനീർ ഗ്രന്ഥികളെയാണ് ബാധിക്കുന്നത്. രോഗം ബാധിച്ചവരിൽ അണുബാധ ഉണ്ടായശേഷം ഗ്രന്ഥികളിൽ വീക്കം കണ്ടുതുടങ്ങുന്നതിനു തൊട്ടുമുൻപും വീക്കം കണ്ടു തുടങ്ങിയ ശേഷം നാലുമുതൽ ആറുദിവസം വരെയുമാണ് സാധാരണയായി പകരുന്നത്.
അഞ്ചുമുതൽ 15 വയസ്സ് വരെയുള്ള കുട്ടികളെയാണ് കൂടുതൽ ബാധിക്കുകയെങ്കിലും മുതിർന്നവരിലും രോഗം കാണപ്പെടുന്നുണ്ട്. കുട്ടികളിലേക്കാൾ ഗുരുതരമാകുന്നതും മുതിർന്നവരിലാണ്. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. ചെറിയ പനിയും തലവേദനയുമാണ് പ്രാരംഭലക്ഷണങ്ങൾ.
വിശപ്പില്ലായ്മയും ക്ഷീണവും മറ്റു ലക്ഷണങ്ങളാണ്. പനി, വേദന തുടങ്ങിയ ലക്ഷണങ്ങൾക്ക് ചികിത്സിക്കുകയും ധാരാളം വെള്ളംകുടിക്കുകയും വിശ്രമിക്കുകയുംവേണം.
വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടും. അതിനാൽ കുട്ടികൾ ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചേക്കാം. ദ്രവരൂപത്തിലുള്ള ആഹാരം കൂടുതലായി നൽകാം. വായയുടെ ശുചിത്വവും ഉറപ്പുവരുത്തണം.
വായുവിലൂടെ പകരുന്ന രോഗം ചുമ, തുമ്മൽ, മൂക്കിൽനിന്നുള്ള സ്രവങ്ങൾ, രോഗമുള്ളവരുമായുള്ള സമ്പർക്കം എന്നിവയിലൂടെയാണ് പകരുന്നത്. ഒന്നു മുതൽ രണ്ട് ആഴ്ചകൾകൊണ്ട് രോഗം ഭേദമാകും.
പ്രതിരോധ കുത്തിവെപ്പ് നൽകാം
മുണ്ടിവീക്കം നിയന്ത്രണത്തിന് പ്രതിരോധ കുത്തിവെപ്പ് ലഭ്യമാണ്. കുട്ടികൾക്കു ജനിച്ചശേഷം 16 മുതൽ 24 വരെയുള്ള മാസങ്ങളിൽ എം.എം.ആർ. പ്രതിരോധകുത്തിവെപ്പ് നൽകുന്നതിലൂടെ മുണ്ടിനീര്, അഞ്ചാംപനി, റുബെല്ല എന്നീ അസുഖങ്ങളിൽനിന്ന് പ്രതിരോധം നൽകാം. ജനുവരി മുതൽ മേയ് വരെയുള്ള മാസങ്ങളിലാണ് മുണ്ടിനീര് കൂടുതൽ കാണുക.
മുണ്ടിനീര് ബാധിക്കുന്നവർ രോഗത്തെ അവഗണിക്കുകയോ സ്വയംചികിത്സ ചെയ്യുകയോ അരുത്. ഉടൻ ഡോക്ടറെക്കണ്ട് വിദഗ്ധചികിത്സ തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.