പൊന്നാനി : മത്സ്യത്തൊഴിലാളി ഭവനസമുച്ചയ നിർമാണത്തിൽ അപാകമുണ്ടെന്ന പരാതിയെത്തുടർന്ന് വിജിലൻസ് സംഘം പരിശോധന നടത്തി. ഡിവൈ.എസ്.പി. ഫിറോസ് ഷഫീഖ്, എസ്.ഐ. ശ്രീനിവാസൻ, എ.എസ്.ഐ. പി.വി. മുഹമ്മദ് സലീം, പി.ഡബ്ല്യു.ഡി. കെട്ടിടവിഭാഗം അസി. എക്സി. എൻജിനീയർ ഗോപൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
നിർമാണം പൂർത്തീകരിച്ച് എട്ടുമാസത്തിനകം ചുമരുകളിൽ വിള്ളലുണ്ടാകുകയും മലിനജലം ഒഴുകിപ്പോകാൻ സൗകര്യമില്ലാതെ പ്രയാസത്തിലാകുകയും ചെയ്തതിനെത്തുടർന്നാണ് ക്രമക്കേടുകൾ സംബന്ധിച്ച് വിജിലൻസിന് പരാതി ലഭിച്ചത്.
കേടുപാടുകൾ സംഭവിച്ച ഫ്ളാറ്റുകൾ സന്ദർശിച്ച് സംഘം സ്ഥിതിഗതികൾ വിലയിരുത്തുകയും കുടുംബങ്ങളോട് കാര്യങ്ങൾ ചോദിച്ചറിയുകയുംചെയ്തു. രണ്ടു സ്ഥലങ്ങളിൽ കാര്യമായ പൊട്ടലുണ്ടായതായി സംഘം കണ്ടെത്തി. മറ്റിടങ്ങളിൽ ചൂടുകാരണമുണ്ടായ ചെറിയ വിള്ളലാണെന്നാണ് നിഗമനം.
നിർമാണം പൂർത്തിയായ ഉടൻ പെയിന്റടിച്ചതിനാലാണ് ഇത്തരം പ്രശ്‌നമുണ്ടായതെന്നും വിള്ളലുണ്ടായ ഭാഗങ്ങളിലെ പ്ലാസ്റ്ററിങ് ഒഴിവാക്കി പുതിയ പ്ലാസ്റ്ററിങ് നടത്തിയതായും സംഘം കണ്ടെത്തി. മലിനജലം ഒഴുകിപ്പോകാൻ സൗകര്യമില്ലാത്ത പ്രശ്‌നത്തിന് പരിഹാരംകാണാൻ പുതിയ അഴുക്കുചാൽ സംവിധാനത്തിന്റെ നിർമാണപുരോഗതിയും സംഘം വിലയിരുത്തി. തുടർപരിശോധനകൾ ഉണ്ടാകുമെന്ന് അന്വേഷണസംഘം പറഞ്ഞു.