പൊന്നാനി: ഉസ്മാൻ എന്ന ബോട്ടിന്റെ ഉടമ അഴീക്കൽ കുറിയ മൊയ്തീൻകാനകത്ത് സിദ്ദീഖിന്റെ മരണം ഉദ്യോഗസ്ഥപീഡനം മൂലമാണെന്ന പരാതിയിൽ ജില്ലാ അഡീഷണൽ മജിസ്‌ട്രേറ്റ്‌ കെ. മണികണ്ഠൻ അന്വേഷണം ആരംഭിച്ചു. പൊന്നാനിയിലെത്തിയ അദ്ദേഹം സിദ്ദീഖിന്റെ ബന്ധുക്കളിൽനിന്നും മത്സ്യത്തൊഴിലാളികളിൽനിന്നും വിവരങ്ങൾ ശേഖരിച്ചു.

ബോട്ടുടമയുടെ മരണത്തെക്കുറിച്ചും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തെക്കുറിച്ചും വിശദമായ അന്വേഷണം നടത്തി കുറ്റക്കാരുടെ പേരിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി.) ദേശീയ ഖജാൻജി എ.കെ. ജബ്ബാർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കളക്ടർ അന്വേഷണത്തിനായി എ.ഡി.എമ്മിനെ ചുമതലപ്പെടുത്തിയത്.

കരവലി മത്സ്യബന്ധനം നടത്തുന്നതായി കാട്ടി ഫിഷറീസ് വകുപ്പ് സിദ്ദീഖിന്റെ ബോട്ട് കസ്റ്റഡിയിലെടുത്തിരുന്നു. ഫിഷറീസ് വകുപ്പിന്റെ പട്രോളിങ് ബോട്ടിലെത്തിയവർ ബോട്ട് തടഞ്ഞുവെക്കുകയും 80,000 രൂപ പിഴ ചുമത്തുകയും ചെയ്തു. ഇതുമൂലമുണ്ടായ മാനസികപ്രശ്നമാണ് മരണത്തിലേക്ക് നയിച്ചതെന്നും പല ബോട്ടുകാർക്കും അനാവശ്യമായി പിഴ ചുമത്താറുണ്ടെന്നും മത്സ്യത്തൊഴിലാളികൾ പരാതിപ്പെട്ടു. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം കളക്ടർക്ക് കൈമാറും.

Related Post

Leave a Reply

Your email address will not be published. Required fields are marked *