എടപ്പാൾ : മേൽപ്പാലം വന്നതോടെ എടപ്പാൾ കുറ്റിപ്പുറം റോഡിൽ കാൽനടക്കാരുടെ കാര്യം പ്രയാസത്തിലായി.നടപ്പാതയെന്നത് പലയിടത്തും പേരിൽമാത്രമായി. ഒന്നോ രണ്ടോ അടി വീതിയിലുള്ള നടപ്പാതയിൽ സ്ഥലമില്ലാത്തതിനാൽ പലപ്പോഴും വാഹനങ്ങൾ പായുന്ന റോഡിലൂടെയാണ് ജനങ്ങളുടെയും നടത്തം.
ഇതിനിടയിൽ അനധികൃത വാഹന പാർക്കിങും പ്രശ്നമാണ്. കടകളിലേക്കു വരുന്നവർക്കും സാധനങ്ങളിറക്കാൻ വരുന്നവർക്കുമെല്ലാം വണ്ടി പാർക്കു ചെയ്യാൻ പാലത്തിനടിയിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. പലരും അതൊന്നും കണ്ടമട്ടില്ല. ഇത്തിരിപ്പോന്ന നടപ്പാത പൂർണമായും കൈയേറി അതിൽ വാഹനം നിർത്തിയിടും.
മേൽപ്പാലത്തിലൂടെ പോകാത്ത വാഹനങ്ങളെല്ലാം ഈ ബൈപ്പാസ് റോഡിലൂടെയാണ് പോകുക. 3.5 മീറ്റർ വീതിയുള്ള ഈ പാതയിൽ വാഹനങ്ങൾ തന്നെ കഷ്ടിച്ചാണ് കടന്നു പോകുന്നത്. ഇതിനിടയിലാണ് റോഡിലൂടെയുള്ള കാൽനടയാത്ര.