പൊന്നാനി : മത്സ്യബന്ധന തുറമുഖം ആഴംകൂട്ടുന്നതിനായി ഡ്രഡ്ജറെത്തി. മത്സ്യത്തൊഴിലാളികളുടെ ഏറെക്കാലത്തെ ആവശ്യമാണ് നിറവേറ്റപ്പെടുന്നത്. 6.37 കോടി രൂപ ചെലവിലാണ് ഡ്രഡ്ജിങ് നടത്തുന്നത്.
നിലവിലെ ആഴം പരിശോധിച്ചശേഷം മണ്ണെടുപ്പ് തുടങ്ങും. വേലിയിറക്ക സമയത്ത് ജലനിരപ്പിൽനിന്ന് മൂന്നര മീറ്റർ താഴ്ചയും വേലിയേറ്റ സമയത്ത് നാലര മീറ്റർ താഴ്ചയും ആഴം കണക്കാക്കിയാണ് ഡ്രഡ്ജിങ് നടത്തുക.
ഇതോടൊപ്പം അഴിമുഖത്ത് സൗണ്ടിങ് സർവേയും നടക്കും. നാലുവർഷം മുൻപ് ഹാർബർ പ്രദേശത്ത് ഹൈഡ്രോ ഗ്രാഫിക് സർവേ നടന്നിരുന്നു. അന്നത്തെ അതേതോതിൽത്തന്നെയാണ് ഇപ്പോഴും അഴിമുഖത്തെ ആഴമെന്നാണ് പ്രാഥമിക നിഗമനം.
ആഴം കൂട്ടലിന്റെ ഭാഗമായി വ്യാഴാഴ്ച ഹൈഡ്രോഗ്രാഫിക് ഉദ്യോഗസ്ഥർ ഹാർബറിലെത്തും. നിലവിലെ ആഴവും മണ്ണിന്റെ നിരപ്പും പരിശോധിച്ച് അടയാളപ്പെടുത്തും. പിന്നീട് ആഴം കൂട്ടൽ കഴിഞ്ഞാലും സമാനമായ പരിശോധനയുണ്ടാകും. രണ്ട് സർവേകളുടെ കണക്കും പുറത്തെടുത്ത മണ്ണും പരിശോധിച്ചാണ് ആഴം കൂട്ടലിന്റെ തോത് ഉറപ്പാക്കുക.
ഹൈഡ്രോഗ്രഫിക് ഉദ്യോഗസ്ഥരുടെ ആദ്യ സർവേ കഴിഞ്ഞാലുടൻ, അടുത്തയാഴ്ച ഡ്രെഡ്ജർ പുഴയിലിറക്കി പണി തുടങ്ങും. സർവേ റിപ്പോർട്ട് ഹാർബർ സൂപ്രണ്ടിങ് എൻജിനീയർക്ക് കൈമാറും. മേയ് വരെ ആദ്യഘട്ട ഡ്രഡ്ജിങ് നടക്കും. തുടർന്ന് മഴ കഴിഞ്ഞാൽ പണി പുനരാരംഭിക്കും.
അഴിമുഖത്ത് മണലടിഞ്ഞത് വള്ളങ്ങൾക്ക് ഭീഷണിയാണ്. നേരത്തേ തകർന്ന വള്ളങ്ങളുടെ അവശിഷ്ടങ്ങളും അഴിമുഖത്ത് കെട്ടിക്കിടക്കുന്നുണ്ട്. ഇതും യാനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് തടസ്സമാണ്. വേലിയിറക്ക സമയത്ത് ബോട്ടുകൾ മണ്ണിൽത്തട്ടുന്നത് പ്രധാന പ്രശ്നമാണ്.