പൊന്നാനി: നഗരസഭയിൽ സിപിഎം അനുഭാവികൾക്ക് വീണ്ടും പിൻവാതിൽ നിയമനമെന്ന് ആരോപിച്ച് നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം. 28 സിപിഎം പ്രവർത്തകരെ തിരുകി കയറ്റിയെന്നും പാർട്ടി പ്രവർത്തനം നടത്തുന്നതിന് നഗരസഭ ശമ്പളം നൽകുന്ന സ്ഥിതിയാണെന്നും പ്രതിപക്ഷം ആരോപിച്ചു. താൽക്കാലിക ജീവനക്കാർക്ക് കാലാവധി നീട്ടി നൽകുന്നതിനുള്ള അജൻഡ അവതരിപ്പിച്ച കൗൺസിൽ ഇന്നലെ യുഡിഎഫ് അംഗങ്ങൾ തടസ്സപ്പെടുത്തി.

സർക്കാർ ഉത്തരവുകൾ പാലിക്കാതെ പാർട്ടി അനുഭാവികളെ നിയമിച്ചത് തുടരാനുള്ള നീക്കം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും പതിനായിരക്കണക്കിന് യുവാക്കൾ എംപ്ലോയ്മെന്റ് റജിസ്ട്രേഷൻ നടത്തി തൊഴിലിനായി കാത്തിരിക്കുമ്പോൾ യാതൊരു മാനദണ്ഡവുമില്ലാതെ പാർട്ടി ഓഫിസിൽ നിന്നുള്ള തീരുമാനം നടപ്പാക്കി പൊന്നാനി നഗരസഭാ ഭരണ സമിതി മുന്നോട്ടു പോവുകയാണെന്ന് പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം കുറ്റപ്പെടുത്തി. നേരത്തെ നടന്ന നിയമനവുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. ഇൗ സാഹചര്യം മറികടന്നാണ് സിപിഎം തീരുമാനം ഭരണ സമിതി നടപ്പാക്കുന്നത്.

എംപ്ലോയ്മെന്റ് ലിസ്റ്റ് വക വെയ്ക്കാത്തതിനു പുറമേ കൗൺസിൽ തീരുമാനം വരുന്നതിനു മുൻപേ ഏകപക്ഷീയമായി ഭരണ സമിതി തീരുമാനമെടുക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രതിഷേധത്തിന് പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം, അനുപമ മുരളീധരൻ, ശ്രീകല ചന്ദ്രൻ, കെ.ഇസ്മായിൽ, റാഷിദ് നാലകത്ത്, ശബ്ന ആസ്മി എന്നിവർ നേതൃത്വം നൽകി.

സിപിഎം നിയമിച്ച നഗരസഭയിലെ താൽക്കാലിക ജീവനക്കാർ പാർട്ടി കാര്യങ്ങളിലാണ് ശ്രദ്ധിക്കുന്നത്. നഗരസഭയിൽ നിന്നു ശമ്പളം വാങ്ങി സിപിഎമ്മിനു വേണ്ടി പണിയെടുക്കുകയാണ് ചെയ്യുന്നത്. ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചപ്പോൾ നഗരസഭാ ഓഫിസിൽ ഒരൊറ്റ താൽക്കാലിക ജീവനക്കാരുമുണ്ടായിരുന്നില്ല. സിപിഎം പ്രവർത്തകരായ 28 താൽക്കാലിക ജീവനക്കാർ ഒറ്റയടിക്ക് ഓഫിസ് വിടുമ്പോൾ നഗരകാര്യാലയത്തിലെ പ്രവർത്തനം താളം തെറ്റുന്ന അവസ്ഥയുണ്ട്. ഗുരുതരമായ ചട്ട ലംഘനമാണ് പൊന്നാനി നഗരസഭയിൽ നടക്കുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *