പൊന്നാനി : മീൻപിടിത്ത യാനങ്ങൾക്ക് സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുന്ന മണ്ണെണ്ണ കരിഞ്ചന്തയിൽ കണ്ടെത്തി. അനധികൃതമായി സൂക്ഷിച്ച 700 ലിറ്റർ മണ്ണെണ്ണയാണ് താലൂക്ക് സപ്ലൈ ഓഫീസർ വി.ജി. മോഹൻദാസിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തത്.
മത്സ്യഫെഡ് മുഖേന വിതരണംചെയ്യുന്ന മണ്ണെണ്ണയാണ് പൊന്നാനി അലിയാർ പള്ളിക്ക് മുൻവശത്തെ കെട്ടിടത്തിൽനിന്ന് പിടികൂടിയത്. മീൻപിടിത്ത യാനങ്ങൾക്കായുള്ള പെർമിറ്റ് മണ്ണെണ്ണ അനധികൃത ഗോഡൗണിൽ വൻതോതിൽ എത്തിയത് ദുരൂഹമാണ്. സംഭവത്തെക്കുറിച്ച് താലൂക്ക് സപ്ലൈ ഓഫീസർ ജില്ലാ സപ്ലൈ ഓഫീസർക്ക് റിപ്പോർട്ട് കൈമാറി.സബ്‌സിഡി നിരക്കിൽ മണ്ണെണ്ണ വാങ്ങിച്ചശേഷം വൻ തുകയ്ക്ക് മറിച്ചുവിൽക്കുന്ന സംഘമാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന. മത്സ്യത്തൊഴിലാളികൾക്ക് തുച്ഛമായ പണംനൽകി അവരുടെ മണ്ണെണ്ണ വാങ്ങിച്ചശേഷം ഇരട്ടി ലാഭത്തിൽ മറിച്ചുവിൽക്കുകയാണ് ചെയ്യുന്നത്.
ഒട്ടേറേ പെർമിറ്റുകളുമായി വരുന്നവർക്ക് മണ്ണെണ്ണ വൻതോതിൽ മറിച്ചുനൽകുന്ന മത്സ്യഫെഡ് ഉദ്യോഗസ്ഥർക്കെതിരേയും അന്വേഷണം വേണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.പെർമിറ്റ് അനുവദിക്കപ്പെട്ട മത്സ്യത്തൊഴിലാളിയുടെ അസാന്നിധ്യത്തിലാണ് മറ്റൊരാൾക്ക് മണ്ണെണ്ണ നൽകുന്നത്. പെർമിറ്റ് മണ്ണെണ്ണ വൻതോതിൽ മത്സ്യഫെഡിൽനിന്ന് ഒന്നോ രണ്ടോ വാഹനങ്ങളിൽ രഹസ്യ കേന്ദ്രങ്ങളിലേക്കു കയറ്റിക്കൊണ്ടുപോവുകയാണ്.പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസർക്കുപുറമേ റേഷനിങ് ഇൻസ്പെക്ടർ വി.ബി. അനിൽകുമാർ, പൊന്നാനി എസ്.ഐ. ഷിജിമോൻ, പി.കെ. ദീപു എന്നിവരാണ് പരിശോധനാസംഘത്തിലുണ്ടായിരുന്നത്.