പൊന്നാനി: ലൈഫ് ഗുണഭോക്താക്കൾക്ക് വീടിനൊപ്പം തൊഴിലും ഉറപ്പാക്കാൻ സർക്കാർ പദ്ധതി. ലൈഫ് മിഷൻ കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്നാണ് ലൈഫ് ഗുണഭോക്തൃ കുടുംബത്തിലെ അർഹരായ അംഗങ്ങൾക്ക് തൊഴിൽപരിശീലനം നൽകുക.

കുടുംബങ്ങളിലെ 18-നും 59-നും ഇടയിലുള്ള തൊഴിലന്വേഷകരെ കണ്ടെത്തി കേരള നോളേജ് ഇക്കോണമി മിഷന്റെ ഡി.ഡബ്ല്യു.എം.എസ്. (ഡിജിറ്റൽ വർക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം) പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യിപ്പിക്കും. ഇവർക്കായി പ്രത്യേക നൈപുണ്യ പരിശീലനവും വൈജ്ഞാനിക തൊഴിൽപരിചയവും നൽകും. ജില്ലാതലത്തിൽ പ്രത്യേക തൊഴിൽമേളകൾ സംഘടിപ്പിച്ച് വൈജ്ഞാനിക തൊഴിൽമേഖലയിൽ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഡിജിറ്റൽ വർക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർചെയ്ത തൊഴിൽദാതാക്കൾ ലഭ്യമാക്കുന്ന തൊഴിലവസരങ്ങൾ, ഫ്രീലാൻസ് ജോലികൾ, വർക്ക് ഫ്രം ഹോം, അതാത് തദ്ദേശ സ്ഥാപനപരിധിയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങൾ എന്നിവയിലേക്കാണ് ഉദ്യോഗാർഥികളെ പരിഗണിക്കുക.

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഗ്രാമപ്പഞ്ചായത്തുകളിലെ പ്രസിഡന്റ്, സെക്രട്ടറി, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ, ബ്ലോക്ക് പഞ്ചായത്തിലെ ജനപ്രതിനിധികൾ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, വി.ഇ.ഒ.മാർ എന്നിവർ ഉൾപ്പെടുന്ന ബ്ലോക്കുതല സമിതിയാണ് ഉദ്യോഗാർഥികളെ പദ്ധതിക്കുകീഴിൽ കൊണ്ടുവരേണ്ടത്. പദ്ധതിയുടെ നടത്തിപ്പിനും മേൽനോട്ടത്തിനുമായി ജില്ലാതല നിർവഹണ സമിതിയും സംസ്ഥാനതലത്തിൽ കോർഗ്രൂപ്പുമുണ്ടാകും.

Related Post

Leave a Reply

Your email address will not be published. Required fields are marked *