തൃശ്ശൂര്‍: വെള്ളിക്കുളങ്ങര ആനപ്പാന്തം ശാസ്താംപൂവ്വം ആദിവാസി കോളനിയില്‍നിന്ന് കാണാതായ രണ്ട് ആണ്‍കുട്ടികളുടെയും മൃതദേഹം കണ്ടെത്തി. രാജശേഖരന്റെ മകന്‍ അരുണ്‍കുമാര്‍ (ഒമ്പത്), കുട്ടന്റെ മകന്‍ സജിക്കുട്ടന്‍ (15) എന്നീ കുട്ടികളുടെ മൃതദേഹമാണ് വനാതിര്‍ത്തിയിലെ ഫയര്‍ലൈനിന് സമീപത്തുനിന്ന് ശനിയാഴ്ച ഉച്ചയോടെ കണ്ടുകിട്ടിയത്.

ആറുദിവസമായി കുട്ടികളെ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നു. തുടര്‍ന്നു ബന്ധുവീടുകളിലും കുട്ടികള്‍ പോകാനിടയുള്ള സ്ഥലങ്ങളിലും അന്വേഷണം നടത്തിയെങ്കിലും വിവരം ലഭിച്ചിരുന്നില്ല. വെള്ളിയാഴ്ച വെള്ളിക്കുളങ്ങര പരിയാരം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസുകളിലെ ഉദ്യോഗസ്ഥരും വെള്ളിക്കുളങ്ങര പോലീസും കാട്ടില്‍ പരിശോധന നടത്തിയിരുന്നു.

ശനിയാഴ്ച വനംവകുപ്പ് പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ച് തിരച്ചിലാരംഭിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് കാട്ടില്‍ വിറക് ശേഖരിക്കുന്നതിനിടെ കോളനിയിലെ ചിലര്‍ കുട്ടികളെ കണ്ടിരുന്നതായി പറഞ്ഞിരുന്നു. കുട്ടികളുടെ മരണം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരുന്നു.

മാര്‍ച്ച് രണ്ടാം തീയതി മുതല്‍ കുട്ടികളെ കാണാതായിരുന്നുവെങ്കിലും വീട്ടുകാരോ ബന്ധുക്കളോ പരാതി നല്‍കിയിരുന്നില്ല. ബന്ധുവീട്ടുകളിലും സമീപത്തുള്ള സ്ഥലങ്ങളിലുമെല്ലാം പോവുന്നവരാണ് കുട്ടികള്‍. അതുകൊണ്ടുതന്നെ പെട്ടെന്ന് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു. തിരിച്ചെത്താതെ വന്നതോടെ സ്വന്തം നിലയില്‍ തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് പരാതി നല്‍കിയത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *