വെളിയങ്കോട് ∙ കടൽക്ഷോഭത്തെ തുടർന്ന് മാട്ടുമ്മൽ തീരത്തെ കാറ്റാടി മരങ്ങൾ നിലംപൊത്തുന്നു. കടൽക്ഷോഭം തടയാൻ തൊഴിലുറപ്പു തൊഴിലാളികൾ നട്ടുപിടിപ്പിച്ച കാറ്റാടി മരങ്ങളാണ് കടൽക്ഷോഭത്തിൽ നിലം പൊത്തുന്നത്. പുതുപൊന്നാനി അഴിമുഖത്തിനോടു ചേർന്നു കിടക്കുന്ന തീരമാണ് മാട്ടുമ്മൽ.
കാഞ്ഞിരമുക്ക് പുഴയും കടലും സംഗമിക്കുന്ന തീരത്തു നൂറിലധികം കാറ്റാടി മരങ്ങളാണ് വളർന്നു നിൽക്കുന്നത്. 20 കുടുംബങ്ങൾ താമസിക്കുന്ന മാട്ടുമ്മൽ തുരുത്തിന്റെ സംരക്ഷണത്തിന് വേണ്ടിയാണ് കടലിനോട് ചേർന്ന് കാറ്റാടികൾ നട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കടൽക്ഷോഭത്തിൽ കാറ്റാടിയുടെ വേരുകളിലെ മണ്ണ് ഒലിച്ചു പോകുകയും നിലം പൊത്തുകയും ചെയ്തു. തീരം സംരക്ഷണത്തിന് ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും നടപടി വൈകുകയാണ്.