പൊന്നാനി : സർക്കാരിൽനിന്ന് വേണ്ടത്ര പരിഗണന ലഭിക്കാത്തതിനാൽ മത്സ്യബന്ധന മേഖല പ്രതിസന്ധിയിലെന്ന് ബോട്ടുടമകൾ. ലക്ഷക്കണക്കിനാളുകളുടെ ഉപജീവനമാർഗവും സംസ്ഥാനത്തിന് കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം നേടിക്കൊടുക്കുന്നതുമായ ഈ മേഖലയെ സർക്കാർ പാടേ അവഗണിക്കുകയാണെന്നാണ് ബോട്ടുടമകളുടെ പരാതി. മത്സ്യബന്ധനമേഖല നേരിടുന്ന പ്രതിസന്ധിക്ക്ു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബോട്ടുടമകളും മത്സ്യത്തൊഴിലാളികളും കഴിഞ്ഞദിവസം പണിമുടക്കിയിരുന്നു.

ഡീസലിന് സബ്‌സിഡിയില്ലാത്തതിനാൽ നഷ്ടത്തിലാണ് പല ബോട്ടുകളും തീരമണയുന്നത്. ഇതിനുപുറമേ ഫിഷറീസ് വകുപ്പ് കടലിൽ അനാവശ്യ പരിശോധന നടത്തുന്നതായും ഭീമമായ പിഴ ചുമത്തുന്നതായും ബോട്ടുടമകൾ പരാതിപ്പെടുന്നുണ്ട്. ഫിഷിങ് റഗുലേഷൻ ആക്ട് ഭേദഗതിയുടെ പേരിൽ ലക്ഷങ്ങളും പതിനായിരങ്ങളും പിഴ ചുമത്തുന്നത് ബോട്ടുടമകൾക്ക് ഭാരിച്ച സാമ്പത്തികബാധ്യതയുണ്ടാക്കുന്നതായാണ് പരാതി. രാത്രികാല മത്സ്യബന്ധനം നടത്തുന്ന ബോട്ടുകളെ പിടികൂടി പിഴ ചുമത്തുകയാണെന്നും പരാതിയുണ്ട്. മത്സ്യലഭ്യത കുറഞ്ഞ സീസണിലും ഇത്തരത്തിൽ പിഴ ചുമത്തുന്നതുമൂലം വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. 12 മുതൽ 15 വർഷം പഴക്കമുള്ള ബോട്ടുകളുടെ രജിസ്‌ട്രേഷൻ പുതുക്കിനൽകാത്തതും ഈ മേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

ഇതുമൂലം നിരവധി മത്സ്യബന്ധന യാനങ്ങൾ പൊളിച്ചുകളയേണ്ട ഗതികേടിലാണ് ബോട്ടുടമകൾ. വലിയ ഇൻബോർഡ് വള്ളങ്ങൾ വരെ തീരക്കടലിൽ മത്സ്യബന്ധനം നടത്തുമ്പോൾ ചെറിയ ബോട്ടുകൾ തീരക്കടലിൽ മത്സ്യബന്ധനത്തിനു ശ്രമിച്ചാൽ ലക്ഷങ്ങളുടെ പിഴയാണ് ഈടാക്കുന്നത്.

ഇത്തരത്തിൽ പിഴ ഈടാക്കിയതിനെത്തുടർന്നുണ്ടായ ശാരീരികാസ്വാസ്ഥ്യമാണ് അടുത്തിടെ പൊന്നാനിയിൽ ഒരു ബോട്ടുടമയുടെ മരണത്തിനു കാരണമായതെന്ന് ആരോപണമുയർന്നിരുന്നു.

സർക്കാർ അവഗണനയും ഉദ്യോഗസ്ഥപീഡനവും തുടർന്നാൽ മീൻപിടിത്തമേഖല കടുത്ത പ്രതിസന്ധിയിലാകുമെന്നാണ് ബോട്ടുടമകൾ പറയുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *