താനൂർ : പൊന്നാനി ലോക്‌സഭാ മണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യൻ താനൂർ നിയോജകമണ്ഡലത്തിൽ പര്യടനം നടത്തി.
ബി.ജെ.പി.യുടെ മുതിർന്ന പ്രവർത്തകരുടെയും നേതാക്കളുടെയും വീടുകളിൽ രാവിലെ എത്തി. വനിതാ വ്യവസായി സുഷമ പ്രകാശിന്റെ വീട്, പനങ്ങാട്ടൂർ അയ്യപ്പക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം, താനൂർ അമൃതാനന്ദമയി മഠം, ഒട്ടുംപുറം ശ്രീരാമകൃഷ്ണ മിഷൻ ആശ്രമം, താനൂർ ഇസ്‌ലാമിക് പബ്ലിക് സെന്റർ, ആട്ടേരി മന എന്നിവിടങ്ങൾ സന്ദർശിച്ചു.
ബി.ജെ.പി.യുടെ മുതിർന്ന നേതാവായിരുന്ന എം. ജയചന്ദ്രന്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി. ചിറക്കൽ മുതൽ ശോഭപറമ്പ് വരെയായിരുന്നു സ്ഥാനാർഥിയുടെ റോഡ് ഷോ.
ചൊവ്വാഴ്ച കോട്ടയ്ക്കൽ നിയോജകമണ്ഡലത്തിലെ എടയൂർ തിണ്ഡലം കോളനി, പൂവ്വത്തുംതറ കോളനി, ഇരിമ്പിളിയം കാട്ടുമാടം മന, മങ്കേരി കുംബാര കോളനി എന്നിവിടങ്ങൾ സന്ദർശിക്കും. വളാഞ്ചേരി നഗരസഭയിലെയും കുറ്റിപ്പുറം പഞ്ചായത്തിലെയും വിവിധ മേഖലകളിൽ സ്ഥാനാർഥി പര്യടനം നടത്തും.
ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. ജനചന്ദ്രൻ, ഗീതാ മാധവൻ, സംസ്ഥാന കൗൺസിൽ അംഗം ടി. അറമുഖൻ, പ്രിയേഷ് കാർക്കോളി, പുരുഷോത്തമൻ എന്നിവർ കൂടെയുണ്ടായിരുന്നു.