ഫാസ്ടാഗുകള്‍ക്കായുള്ള അംഗീകൃത ബാങ്കുകളുടെ പട്ടികയില്‍ നിന്ന് പേടിഎം പേമെന്റ് ഗേറ്റ്‌വേയെ വിലക്കിയ പശ്ചാത്തലത്തില്‍ പേടിഎമ്മിന്റെ ഫാസ്ടാഗ് ഉപയോഗിക്കുന്ന വാഹന ഉടമകളോട് മറ്റ് ബാങ്കുകളുടെ സേവനത്തിലേക്ക് മാറാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിര്‍ദേശിച്ചു. ഇരട്ടി പിഴയും സേവന തടസങ്ങളും ഒഴിവാക്കുന്നതിനായി മാര്‍ച്ച് 15-ന് മുമ്പ് മറ്റ് ബാങ്കുകളിലേക്ക് മാറിയെന്ന് ഉറപ്പുവരുത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചട്ടങ്ങളില്‍ പേടിഎം പേമെന്റ്‌സ് തുടര്‍ച്ചയായി വീഴ്ചകള്‍ വരുത്തിയതിന്റെ പശ്ചാലത്തില്‍ ഇവരുടെ സേവനങ്ങള്‍ക്ക് ആര്‍.ബി.ഐ. വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. നിലവിലുള്ള ബാലന്‍സ് ഉപയോഗിച്ച് വാലറ്റ്, ഫാസ്ടാഗ്, എന്‍സിഎംസി സേവനങ്ങള്‍ മാര്‍ച്ച് 15 വരെ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് മുമ്പ് ആര്‍.ബി.ഐ. അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മാര്‍ച്ച് 15-ന് മുമ്പായി മറ്റ് ബാങ്കുകളിലേക്ക് മാറാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി അറിയിച്ചിരിക്കുന്നത്.

റിസര്‍വ് ബാങ്ക് ചുമത്തിയിട്ടുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി പേടിഎം ഫാസ്ടാഗുകള്‍ മാര്‍ച്ച് 15-ന് ശേഷം റിചാര്‍ജ് ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍, ഇതില്‍ അവശേഷിക്കുന്ന പണം തീരുന്നതുവരെ ഉപയോഗിക്കാന്‍ സാധിക്കുമെന്നായിരുന്നു ആദ്യ നിര്‍ദേശം. പേടിഎം ഫാസ്ടാഗ് സേവനങ്ങള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യന്‍ ഹൈവേസ് മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡിന്റെ വെബ്‌സൈറ്റിൽ നല്‍കിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ദേശീയപാതാ അതോറിറ്റിയുടെ ടോള്‍ പിരിവ് വിഭാഗമായ ഇന്ത്യന്‍ ഹൈവേസ് മാനേജ്‌മെന്റ് കമ്പനി (ഐ.എച്ച്.എം.സി.എല്‍.) ഫാസ്ടാഗ് നല്‍കാനുള്ള അംഗീകൃത ബാങ്കുകളുടെ പട്ടികയില്‍നിന്ന് പേടിഎം പേമെന്റ് ബാങ്കിനെ നീക്കിയിരുന്നു. ഫെബ്രുവരി മാസത്തിലായിരുന്നു ഇത് സംബന്ധിച്ച നിര്‍ദേശംവന്നത്. തടസ്സങ്ങള്‍ക്കൂടാതെയുള്ള യാത്രയ്ക്കായി അംഗീകാരമുള്ള ബാങ്കുകളില്‍നിന്ന് ഫാസ്ടാഗ് എടുക്കണമെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചിരുന്നു.

അംഗീകാരമുള്ള 32 ബാങ്കുകളുടെ പട്ടികയും ദേശീയപാത അതോറിറ്റി നല്‍കിയിരുന്നു. കെ.വൈ.സി.യിലെ പോരായ്മകളടക്കം മുന്‍നിര്‍ത്തി പേടിഎം പേമെന്റ് ബാങ്കിനെതിരേ ആര്‍.ബി.ഐ. നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന സാഹചര്യത്തിലാണ് നടപടി. ഫാസ്ടാഗ് ഉപഭോക്താക്കള്‍ കെ.വൈ.സി. മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ഇതില്‍ നിര്‍ദേശിക്കുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *