തിരൂർ: അമൃത് ഭാരത് പദ്ധതി വഴി തിരൂർ റെയിൽവേ സ്റ്റേഷനിൽ നടത്തുന്ന നവീകരണത്തിനു വേഗം പോരെന്ന് യാത്രക്കാർ. 8 മാസമായി തുടരുന്ന പണികൾ കാരണം പ്ലാറ്റ്ഫോമിൽ പോലും യാത്രക്കാർക്ക് സൗകര്യങ്ങളില്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ ഓഗസ്റ്റ് ആദ്യവാരമാണ് പ്രധാനമന്ത്രി തിരൂർ അടക്കമുള്ള സ്റ്റേഷനുകളിലെ നവീകരണ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്തത്. 18 കോടി രൂപയുടെ പ്രവൃത്തികളാണ് തിരൂരിൽ നടക്കുന്നത്.
പ്ലാറ്റ്ഫോം ഉയർത്തൽ, ലിഫ്റ്റിന്റെ പണി, മേൽക്കൂരകളുടെ പണി, എസ്കലേറ്റർ നിർമാണം, നടപ്പാലം, പാർക്കിങ് ഏരിയ നിർമാണം, കവാടത്തിന്റെ മോടി കൂട്ടൽ തുടങ്ങിയ പണികളാണ് ഇവിടെ നടക്കുന്നത്. ഇതിൽ പാർക്കിങ് ഏരിയയുടെ പണിയാണ് അൽപമെങ്കിലും തീർന്നിട്ടുള്ളത്. ബാക്കിയെല്ലാം ഇടയ്ക്ക് വേഗം വയ്ക്കുമെങ്കിലും പിന്നീട് നിലയ്ക്കുന്ന തരത്തിലാണ് മുന്നോട്ടു പോകുന്നത്. പ്ലാറ്റ്ഫോമിൽ അടക്കം പണികൾ നടക്കുന്നത് യാത്രക്കാരെ പ്രയാസത്തിലാക്കുന്നുണ്ട്.
ലിഫ്റ്റ് നിർമാണവും നടപ്പാലം നിർമാണവുമെല്ലാം പകുതിയിലേറെ കഴിഞ്ഞ നിലയിലാണ്. വൈദ്യുതീകരണ പ്രവൃത്തികളും വേഗത്തിലാക്കേണ്ടതുണ്ട്. രാത്രി സ്റ്റേഷന്റെ പല ഭാഗത്തും വെളിച്ചമില്ലാത്ത സ്ഥിതിയുണ്ടെന്ന് യാത്രക്കാർ പറയുന്നു. സ്റ്റേഷന്റെ പ്രധാന കവാടത്തിലെ മോടി കൂട്ടലും പകുതിയിലേറെ പണി കഴിഞ്ഞ് നിലച്ചു കിടക്കുകയാണ്. പണികളെല്ലാം മാർച്ചിനു മുൻപ് പൂർത്തിയാക്കുമെന്നാണ് മുൻപ് റെയിൽവേ അറിയിച്ചിരുന്നത്. എന്നാൽ ഇത് സാധ്യമാകാത്ത സ്ഥിതിയാണുള്ളത്.