പൊന്നാനി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 10 വർഷത്തെ ഭരണനേട്ടങ്ങൾ കേരളത്തിലും എൻ.ഡി.എ.യ്ക്ക് അനുകൂലമായി പ്രതിഫലിക്കുമെന്ന് മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റും പൊന്നാനി ലോക്‌സഭാ എൻ.ഡി.എ. സ്ഥാനാർഥിയുമായ നിവേദിത സുബ്രഹ്മണ്യൻ. പൊന്നാനി നിയമസഭാമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു ഞായറാഴ്ച എൻ.ഡി.എ. സ്ഥാനാർഥിയുടെ പര്യടനം.
രാവിലെ കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷമാണ് പ്രചാരണം തുടങ്ങിയത്. തുടർന്ന് നെയ്തല്ലൂർ, ചെറുവായ്ക്കര കോളനി, ഓംതൃക്കാവ്, തെയ്യങ്ങാട്, ദുർഗാനഗർ, ഹരിഹരമംഗലം, കടവനാട്, കുറ്റിക്കാട് എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളിലും പങ്കെടുത്തു. ഉച്ചയ്ക്കുശേഷം മാറഞ്ചേരി, അധികാരിപ്പടി, കാഞ്ഞിരമുക്ക് അത്താണി എന്നിവിടങ്ങളിലും തുടർന്ന് അത്താണിയിലും തൃക്കാവിലും കുടുംബയോഗത്തിലും പങ്കെടുത്തു.
തൃക്കാവ് ആൽത്തറ മുതൽ കോട്ടത്തറ കണ്ടകുറുമ്പക്കാവ് വരെ റോഡ്‌ഷോയും നടത്തി. പുഴമ്പ്രത്തെ ബൂത്ത് സമ്മേളനത്തിലും പങ്കെടുത്തു.
കർഷകമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ചക്കൂത്ത് രവീന്ദ്രൻ, ഇൻറലക്ച്വൽ സെൽ സംസ്ഥാന കൺവീനർ ശങ്കു ടി. ദാസ്, ബി.ജെ.പി. ജില്ലാ സെക്രട്ടറി ബീന സന്തോഷ്, പൊന്നാനി മണ്ഡലം പ്രസിഡന്റ് കെ. ഗിരീഷ്‌കുമാർ, ജനറൽ സെക്രട്ടറിമാരായ ഇ.ജി. ഗണേശൻ, കെ.പി. മണികണ്ഠൻ, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് കെ.പി. സുജിഷ, മണ്ഡലം ഭാരവാഹികളായ കെ.പി. ശ്രീധരൻ, ടി. തുളസിദാസ്, സുഭാഷ് കോട്ടത്തറ, യു. സുജീഷ്, രാമചന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.