എരമംഗലം : മാറഞ്ചേരിയിലെ വയോജന പാർക്കിനുപിന്നാലെ വയോജനങ്ങൾക്കായി ഒടുവിൽ പരിച്ചകത്തെ പകൽവീട് തുറന്നു. 2019-20 വാർഷിക പദ്ധതിയിൽ 20 ലക്ഷം രൂപ ചെലവിട്ട് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പകൽവീട് നിർമിച്ചുനൽകിയിട്ടും മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിന്റെ അനാസ്ഥകൊണ്ട് മാത്രം അടഞ്ഞുകിടക്കുകയായിരുന്നു.
പി. ബീന മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി എത്തിയശേഷമാണ് പകൽവീട് തുറന്നുകൊടുക്കുന്നതിന് നടപടി തുടങ്ങിയത്.
പകൽനേരങ്ങളിൽ വയോജനങ്ങൾക്ക് വിശ്രമിക്കാനും വിനോദത്തിനുമായാണ് പകൽവീട് ഒരുക്കിയിരിക്കുന്നത്.
പകൽവീട് പി. നന്ദകുമാർ എം.എൽ.എ. ഉദ്‌ഘാടനം ചെയ്തു. മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി. ബീന അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ടി.വി. അബ്ദുൽ അസീസ്, സ്ഥിരം സമിതി അധ്യക്ഷരായ ലീന മുഹമ്മദാലി, ടി.പി. ബൽക്കീസ്, നിഷ വലിയവീട്ടിൽ, അംഗങ്ങളായ റജുല ഗഫൂർ, ഷെമീറ ഇളയേടത്ത്, റജുല ആലുങ്ങൽ, പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി. അബ്ദു, പഞ്ചായത്ത് സെക്രട്ടറി മണികണ്ഠൻ തുടങ്ങിയവർ പ്രസംഗിച്ചു.