പൊന്നാനി: ഈഴുവത്തിരുത്തി കുറ്റിക്കാട്- കുമ്പളത്ത് പടി റോഡ് ഈഴുവത്തിരുത്തി പേക്കേജിന്റെ പേരിൽ യാത്രായോഗ്യമല്ലാതായിട്ട് ആറു വർഷം കഴിഞ്ഞു. ഇതു കാരണം പ്രദേശവാസികൾക്ക് യാത്ര ചെയ്യുവാൻ പറ്റാത്ത വിധം ദുരിതത്തിലായി. തുറമുഖ എൻജിനീയറിങ് വകുപ്പ് കുറ്റിക്കാട് റോഡിന് ഒന്നരക്കോടി രൂപ അനുവദിക്കുകയും മൂന്നാഴ്ച മുൻപ് സ്ഥലം എംഎൽഎ പ്രവർത്തന ഉദ്ഘാടനം നടത്തുകയും ചെയ്തിരുന്നു. ഇതുവരെ റോഡ് പണി തുടങ്ങുകയോ, റോഡ് നിർമ്മാണത്തിനുള്ള മെറ്റീരിയൽ ഇറക്കുകയോ ചെയ്തിട്ടില്ല.

നിർമ്മാണ ഉദ്ഘാടനം കഴിഞ്ഞിട്ടും റോഡ് പണി തുടങ്ങുന്നതിന് താമസം വരുത്തിയാൽ പ്രദേശവാസികൾക്ക് മഴക്കാലത്ത് യാത്ര ചെയ്യുവാൻ പറ്റാത്ത വിധം വീണ്ടും ദുരിതത്തിലാകും. ലോകസഭ തിരഞ്ഞെടുപ്പിനും, മഴക്കാലത്തിനു മുൻപ് റോഡ് നിർമ്മാണം തുടങ്ങുന്നതിനുള്ള നടപടികൾ പൊന്നാനി തുറമുഖ വകുപ്പ് അധികൃതർ സ്വീകരിക്കണമെന്ന് ഈഴുവത്തിരുത്തി കുറ്റിക്കാട് യുഡിഎഫ് പ്രവർത്തകയോഗം പൊന്നാനി തുറമുഖ വകുപ്പിനോട് ആവശ്യപ്പെട്ടു.

പൊന്നാനി നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി വൈസ് ചെയർമാൻ എ പവിത്രകുമാർ അധ്യക്ഷത വഹിച്ച യോഗം ഡിസിസി ജനറൽ സെക്രട്ടറി ടി കെ അഷറഫ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് എം അബ്ദുൽ ഖാദർ, കെ അബ്ദുൽ അസീസ്, പി അബ്ദുറഹ്മാൻ, പി കുമാരൻ മാസ്റ്റർ, കെ പി കുട്ടൻ, പാലക്കൽ ഗഫൂർ, കെ റിയാസ്, ഉള്ളാട്ടിൽ ജലീൽ, സി വേലായുധൻ, യു കബീർ, പുൽപ്രയിൽ പപ്പൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *