ചമ്രവട്ടം: ജലജന്യരോഗങ്ങളും ഭക്ഷ്യജന്യരോഗങ്ങളും പടർന്നുപിടിക്കുന്നതിനാൽ ചമ്രവട്ടം പാർക്കിലെ രാത്രികാല റംസാൻ വഴിയോരകച്ചവടത്തിന് നിരോധനം.
തൃപ്രങ്ങോട് പഞ്ചായത്ത് സെക്രട്ടറിയാണ് പഞ്ചായത്ത് പരിധിയിൽ റംസാൻ സ്പെഷ്യൽ കച്ചവടത്തിന് പൂട്ടിട്ടത്. ഉപ്പിലിട്ടതും വ്യത്യസ്ത നിറം ചേർത്ത പാനീയങ്ങളുമാണ് ഇവിടെ വിൽപ്പന നടത്തിയിരുന്നത്. വൃത്തിയില്ലാത്ത ഐസിന്റെ ഉപയോഗവും ഇവിടെയുണ്ട്. ദം സോഡ, മസാല സോഡ എന്നീ പേരുകളിൽ ഗുണനിലവാരമില്ലാത്ത പാനീയ വിൽപ്പനയുമുണ്ട്.
മഞ്ഞപ്പിത്തം പോലെയുള്ള രോഗങ്ങൾ പടർന്നുപിടിക്കുന്നതിനാൽ ആരോഗ്യവകുപ്പ് കർശന നടപടിയിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ ദിവസം തൃപ്രങ്ങോട് ആരോഗ്യവകുപ്പ് പ്രദേശത്തെ 18 കടകൾക്ക് മുന്നറിയിപ്പ് നൽകി.
തൃപ്രങ്ങോട് എഫ്.എച്ച്.സി. ഹെൽത്ത് ഇൻസ്പെക്ടർ ബൽരാജ്, ഉദ്യോഗസ്ഥരായ അബുൽ ഫസൽ, സംഗീത, രാധിക എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.