പൊന്നാനി : നഗരസഭാ ബസ് സ്റ്റാൻഡിന്റെ നവീകരണം ഇനിയും തുടങ്ങിയില്ല. നിർമാണോദ്ഘാടനം കഴിഞ്ഞ് രണ്ടു മാസം പിന്നിട്ടിട്ടും പണികൾ ആരംഭിക്കാത്തതിനെതിരേ പ്രതിഷേധമുയർന്നുതുടങ്ങി.
രണ്ടാഴ്ച മുൻപ് പണികൾക്കായി ബസ് സ്റ്റാൻഡ് അടയ്ക്കുമെന്ന് അറിയിപ്പ് വരെ പുറത്തിറക്കിയതാണ്. എന്നിട്ടും പണികൾ ആരംഭിച്ചില്ല. നിർമാണസാമഗ്രികൾ കിട്ടാൻ വൈകുന്നതിനാലാണ് പണികൾ ആരംഭിക്കാത്തതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. മാർച്ച് അവസാനത്തോടെ പദ്ധതി യാഥാർഥ്യമാകുമെന്നായിരുന്നു പ്രഖ്യാപനം.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പണി ഏറ്റെടുത്തുവെങ്കിലും ബസുകൾക്ക് പാർക്ക് ചെയ്യാൻ ബദൽ സംവിധാനം ഒരുക്കാത്തതിനാൽ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ലെന്നാണ് പറഞ്ഞിരുന്നത്.എം.എൽ.എ. വിളിച്ചുചേർത്ത ബന്ധപ്പെട്ട ഉദ്യോഗസ്ഥ പ്രതിനിധികളുടെയും നഗരസഭ ഭരണസമിതിയുടെയും സംയുക്ത യോഗത്തിലാണ് ബദൽ സംവിധാനം കണ്ടെത്തി പണി ആരംഭിക്കാൻ തീരുമാനിച്ചത്.
തുടർന്ന് നടത്തിയ പരിശോധനയിൽ പാർക്കിങ്ങിന് സിയാറത്തു പള്ളി റോഡ് അനുയോജ്യമാണെന്ന് കണ്ടെത്തിയിരുന്നു.പി. നന്ദകുമാർ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഒരേസമയം ഒൻപത് ബസുകൾ നിർത്തിയിടാവുന്ന തരത്തിലാണ് സ്റ്റാൻഡ് വിഭാവനം ചെയ്തിരിക്കുന്നത്. ശൗചാലയ സമുച്ചയം, കാത്തിരിപ്പുകേന്ദ്രം, ലഘുഭക്ഷണശാല എന്നിവയും പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നുണ്ട്.
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് നഗരസഭയ്ക്ക് കീഴിലുള്ള ബസ് സ്റ്റാൻഡ് നവീകരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഇവിടെയെത്തുന്ന യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. ബസ് കാത്തിരിക്കുന്നതിനോ ശങ്കയകറ്റാനോ മതിയായ സൗകര്യങ്ങൾ ഇവിടെയില്ല. പുതിയ കെട്ടിടം ഉയരുന്നതോടെ ബസ് സ്റ്റാൻഡിന്റെ മുഖച്ഛായതന്നെ മാറും.