എരമംഗലം : പൊന്നാനി കോൾപ്പടവിൽ വ്യാപകമായി കാണപ്പെടുന്ന പൂതച്ചേർ ബണ്ടുകൾക്ക് ഭീഷണിയായി തുടരുന്നു. പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിലെ നൂണക്കടവ് എടംപാടം കോൾപ്പടവിലെ ബണ്ട് തകർന്നു.
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി എടംപാടം-ആമയം 850 മീറ്റർ ദൂരം വരുന്ന ബണ്ട് മണ്ണിട്ട് ബലപ്പെടുത്തുന്നതിനിടെയാണ് ഒരു ഭാഗത്ത് 60 മീറ്റർ വരുന്ന ബണ്ട് മണ്ണിടിഞ്ഞ് തകർന്നത്. ബണ്ടിന് അടിയിലെ പൂതച്ചേറാണ് ബണ്ട് തകരാൻ കാരണമെന്നാണ് കെ.എൽ.ഡി.സി. അധികൃതരും കർഷകരും പറയുന്നത്. ബണ്ട് ബലപ്പെടുത്തുന്നതിന് വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാത്തതും ബണ്ട് തകർച്ചയ്ക്ക് കാരണമായതായി കർഷകർ പറയുന്നു.
ബണ്ട് തകരുമ്പോൾ നൂറടിത്തോട്ടിൽ വെള്ളം കുറവായതിനാൽ വലിയ കൃഷിനാശമാണ് ഒഴിവായത്. ബണ്ടിന്റെ തകർന്ന ഭാഗം എത്രയും വേഗത്തിൽ ബലപ്പെടുത്തുമെന്ന് കെ.എൽ.ഡി.സി. അധികൃതർ പറഞ്ഞു.