പൊന്നാനി : വാഹനാപകടങ്ങൾ ഒഴിവാക്കുന്നതിനായി അനധികൃത കച്ചവടത്തിനും വാഹനങ്ങളുടെ അമിതവേഗത്തിനും നിയന്ത്രണമേർപ്പെടുത്താൻ നഗരസഭാ ട്രാഫിക് ക്രമീകരണസമിതി യോഗം തീരുമാനിച്ചു.
കോടതിപ്പടി മുതൽ കുണ്ടുകടവ് ജങ്ഷൻ വരെയുള്ള പാതയോരത്തുള്ള കച്ചവടക്കാരുടെ കൈയേറ്റങ്ങൾ ഒഴിവാക്കുന്നതിന് പോലീസ്, നഗരസഭ, പി.ഡബ്ല്യു.ഡി., ദേശീയപാത, റവന്യൂ, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി നടപടികൾ സ്വീകരിക്കും.
കുണ്ടുകടവ് ജങ്ഷനിലെ അനധികൃത കച്ചവടക്കാരെ നിയന്ത്രിക്കുന്നതിനും തെരുവോരകച്ചവടക്കാർക്കായി പ്രത്യേക മേഖല നിർണയിച്ചുനൽകാനും യോഗം തീരുമാനിച്ചു. കച്ചവടക്കാർക്കാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന് കുണ്ടുകടവ് കോട്ടപ്പടി റോഡിന് ഇരുവശവും നിയമാനുസൃതം സ്ഥലം ക്രമീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, നഗരസഭാ എൻജിനീയർ, തഹസിൽദാർ എന്നിവരടങ്ങുന്ന സംഘം പരിശോധന നടത്തി നടപടികൾ സ്വീകരിക്കും.
നിള ടൂറിസം പാതയിൽ ഓടുന്ന വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കുന്നതിനും വലിയ വാഹനങ്ങളുടെ ഗതാഗതം കർശനമായി നിയന്ത്രിക്കുന്നതിനും പോലീസ്, ട്രാൻസ്‌പോർട്ട് ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥിരം പട്രോളിങ് ഏർപ്പെടുത്തും.
ട്രാഫിക് ക്രമീകരണസമിതി യോഗ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥതലത്തിൽ സംഭവിക്കുന്ന അലംഭാവം വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും ശുഷ്‌കാന്തിയോടുകൂടി തീരുമാനങ്ങൾ നടപ്പാക്കണമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം പറഞ്ഞു. ഉപാധ്യക്ഷ ബിന്ദു സിദ്ധാർഥൻ, രജീഷ് ഊപ്പാല, ഷീന സുദേശൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.