പൊന്നാനി : ഗർഭിണിക്കു രക്തം മാറി നൽകിയ സംഭവത്തിൽ വ്യാപക പ്രതിഷേധം. യുഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ മാതൃശിശു ആശുപത്രിയിൽ 4 മണിക്കൂർ നീണ്ട സമരം. നഗരസഭാധ്യക്ഷനും ജില്ലാ മെഡിക്കൽ ഓഫിസറും അടിയന്തര ഇടപെടലുകൾ നടത്തി. ആശുപത്രി അധികൃതർ വീഴ്ച സമ്മതിച്ചു.  നഴ്സിങ് സ്റ്റാഫിനെ ചുമതലയിൽനിന്നു നീക്കി. സംഭവത്തിൽ നടപടി ഉണ്ടാകുമെന്ന ഉറപ്പ് വന്നതോടെയാണ് യുഡിഎഫ് സമരം അവസാനിപ്പിച്ചത്.

പാലപ്പെട്ടി പുതിയിരുത്തി സ്വദേശി കഴുങ്ങുംതോട്ടത്തിൽ അസ്‌ലമിന്റെ ഭാര്യ റുക്സാനയ്ക്കുണ്ടായ ദുരനുഭവം ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്ചയാണെന്നും സംഭവം ആവർത്തിക്കാതിരിക്കാൻ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു. ജീവനക്കാർക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നഗരസഭാ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യത്തിന്റെ നേതൃത്വത്തിൽ സമരം.

കർശന നടപടി സ്വീകരിക്കും. ശിവദാസ് ആറ്റുപുറം, പൊന്നാനി നഗരസഭാധ്യക്ഷൻ


മാതൃശിശു ആശുപത്രിയിൽ ഗർഭിണിക്ക് ഗ്രൂപ്പ് മാറി രക്തം നൽകിയ സംഭവത്തിൽ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും  സംഭവമറിഞ്ഞയുടൻ തന്നെ വസ്തുതകൾ അന്വേഷിച്ചിരുന്നു. ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ആശുപത്രി സൂപ്രണ്ടിനോടും ജില്ലാ മെഡിക്കൽ ഓഫിസറോടും ആവശ്യപ്പെട്ടിട്ടുണ്ട്. മെഡിക്കൽ ഓഫിസർ ഇന്ന് ആശുപത്രി സന്ദർശിക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *