പൊന്നാനി : പ്രതിപക്ഷ ശബ്ദങ്ങൾ അടിച്ചമർത്തുന്ന ഏകാധിപത്യഭരണമാണ് നഗരസഭയിൽ നടക്കുന്നതെന്നാരോപിച്ച് കൗൺസിൽ യോഗത്തിൽ യു.ഡി.എഫ്. കൗൺസിലർമാരുടെ പ്രതിഷേധം.
കറുപ്പ് വസ്ത്രം ധരിച്ച് വായ്‌മൂടിക്കെട്ടിയാണ് യു.ഡി.എഫ്. അംഗങ്ങൾ കൗൺസിൽ യോഗത്തിലെത്തിയത്.
എസ്.സി. വിഭാഗത്തിൽപ്പെട്ട അംബികയ്ക്ക് രണ്ടര സെന്റ് ഭൂമിയിൽ വീട് നിർമിക്കാൻ അനുമതി നൽകാത്തത് കൗൺസിൽ യോഗത്തിൽ ചോദ്യംചെയ്ത യു.ഡി.എഫ്. അംഗങ്ങളെ കായികമായി പ്രതിരോധിച്ച നടപടിയിൽ പ്രതിഷേധിച്ചായിരുന്നു അംഗങ്ങൾ കറുപ്പ് വസ്ത്രം ധരിച്ചെത്തിയത്.
പ്രതിഷേധത്തിന് പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം, കൗൺസിലർമാരായ മിനി ജയപ്രകാശ്, ഷബ്ന ആസ്മി, കെ.എം. ഇസ്മായീൽ, ശ്രീകല ചന്ദ്രൻ, അബ്ദുൽ റാഷിദ് നാലകത്ത്, എം.പി. ഷബീറാബി, പ്രിയങ്ക വേലായുധൻ എന്നിവർ നേതൃത്വം നൽകി.