എരമംഗലം : വസ്‌ത്രത്തിൽ അഴുക്കുകാണാമെങ്കിലും മനസ്സ് നിറയെ നന്മയാണെന്നു തെളിയിച്ച് മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങൾ.
പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ പോകുന്നതിനിടെ മാറഞ്ചേരി -താമലശ്ശേരി റോഡരികിൽനിന്ന് ഇവർക്ക് സ്വർണമാല കളഞ്ഞുകിട്ടിയിരുന്നു. രണ്ടു പവനോളം തൂക്കമുള്ള വിപണിയിൽ ഒരുലക്ഷത്തിനടുത്ത് വിലയുള്ള മാലയായിരുന്നു അത്. ഇതാണ് യഥാർഥ ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചത്. ഹരിതകർമസേന അംഗങ്ങളായ എം. സുഹാസിനി, റീന, ബീന, ആശ, സൗമ്യ തുടങ്ങിയവരാണ് മാല തിരികെ ഏൽപ്പിച്ചത്.
മാല കളഞ്ഞുകിട്ടിയത് ഹരിത കർമസേനാംഗങ്ങൾ മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. ബീന, ഒമ്പതാം വാർഡ് അംഗം സുഹറ ഉസ്മാൻ തുടങ്ങിയവരെയാണ് അറിയിച്ചിരുന്നത്. താമലശ്ശേരി സ്വദേശി കാവുങ്ങലയിൽ മുനീർ- ഹസ്ന ദമ്പതിമാരുടെ മകൾ ആയിഷ നഫീസത്തിന്റെയാണ് മാല. മദ്രസയിൽ പോയി തിരിച്ചുവരുമ്പോഴാണ് സ്വർണമാല കളഞ്ഞുപോയത്. മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, വാർഡംഗം എന്നിവരുടെ സാന്നിധ്യത്തിൽ ഹരിതകർമ സേനാംഗങ്ങൾ ഉടമയ്ക്കു സ്വർണമാല കൈമാറി