പൊന്നാനി : കനത്ത മഴയിൽ ദേശീയപാത, സംസ്ഥാനപാത ഉൾപ്പെടെ മുഴുവൻ റോഡുകളിലൂടെയും ഗതാഗതം ദുസ്സഹമായി. ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള നിർമാണം നടക്കുന്നതിനാൽ പലയിടത്തും റോഡുകൾ ചെളിക്കുളമായി മാറിയിരിക്കുകയാണ്.
പാലപ്പെട്ടി സ്വാമിപ്പടി മേഖലയിൽ ദേശീയപാതയിൽനിന്ന് റോഡിന്റെ കിഴക്കുള്ള താഴ്ഭാഗത്തേക്ക് മഴവെള്ളം കുത്തിയൊലിച്ചു. പത്ത് വീടുകൾ വെള്ളക്കെട്ടിലായി. പൊന്നാനി ചന്തപ്പടി-കോടതിപ്പടി റോഡിൽ വ്യാഴാഴ്ച പകൽ യാത്രക്കാരുമായി തിരൂർനിന്ന് പൊന്നാനിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസും എടപ്പൾനിന്ന് പൊന്നാനിയിലേക്ക് വന്നിരുന്ന മിനിലോറിയും ജൽജീവൻ പദ്ധതിക്കായി കുഴിയെടുത്ത കുഴിയിൽ താഴ്ന്നു. കുഴിയെടുത്തു പൈപ്പിട്ടശേഷം മണ്ണിട്ട് മാത്രം മൂടിയതാണ് പലയിടത്തും മഴവെള്ളം ഒലിച്ചിറങ്ങി കുഴിയായത്.
ചമ്രവട്ടം ജങ്ഷനിൽനിന്ന് ചന്തപ്പടി ഭാഗത്തേക്കുള്ള റോഡും കല്ലും കുഴികളും നിറഞ്ഞിരിക്കുകയാണ്. കുണ്ടുകടവ്-ഗുരുവായൂർ സംസ്ഥാനപാതയിൽ ഒരുഭാഗത്ത് കുഴിമൂടുമ്പോൾ മറ്റിടങ്ങളിൽ കുഴിയെടുക്കുകയാണ്.
പുറങ്ങ് ബ്ലോസം ഓഡിറ്റോറിയത്തിനടുത്ത് പഞ്ചസാരയുമായി മാറഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി വാട്ടർ അതോറിറ്റിയുടെ കുഴിയിൽ താഴ്ന്നു. വെളിയങ്കോട്-എടക്കഴിയൂർ എം.എൽ.എ. റോഡും പൊന്നാനി നഗരസഭയിലേയും വെളിയങ്കോട്, മാറഞ്ചേരി, പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തുകളിലെയും ഉൾറോഡുകളിൽ പലതും ജൽജീവൻ കുഴികളിൽ വീണ് പൊറുതിമുട്ടുകയാണ്.