പൊന്നാനി : തീരദേശത്തെ വെള്ളക്കെട്ടിന് താത്‌കാലിക പരിഹാരം കാണുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ജെ.സി.ബി. ഉപയോഗിച്ചും കാനകളിലെ തടസ്സങ്ങൾ നീക്കംചെയ്തുമാണ് തീരദേശത്തെ വെള്ളം കടലിലേക്ക് ഒഴുക്കിവിടുന്നത്.
ദിവസങ്ങളായി പെയ്യുന്ന മഴയിൽ തീരമേഖലയിൽ രൂപപ്പെട്ട വെള്ളക്കെട്ടിന് തത്‌കാലിക പരിഹാരം കാണുന്നതിനായി പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ പരിഹാര നടപടികൾ സ്വീകരിക്കുന്നുണ്ട്.
പൊന്നാനി മുറിഞ്ഞഴിയിലും അഴീക്കൽ ഭാഗത്തും മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ട് ചാൽ കീറി കടലിലേക്ക് ഒഴുക്കിവിടുന്ന പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. കാനകൾ വഴി കടലിലേക്ക് ഒഴുകിയിരുന്ന വെള്ളം മണലടിഞ്ഞും, മറ്റു തടസ്സങ്ങൾ മൂലവും ഒഴുക്ക് നിലച്ചതിനാണ് പരിഹാരം കണ്ടത്.
നേരത്തേ പൊന്നാനി അഴീക്കൽ മുതലുള്ള വെള്ളം മുറിഞ്ഞഴി വഴി കടലിലേക്കാണ് ഒഴുകിയിരുന്നത്. ഇപ്പോൾ പലയിടത്തും കാനകൾ അടഞ്ഞതുമൂലം വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് നിലച്ചു. കാനകളിലെ മണൽ നീക്കംചെയ്തും മുറഞ്ഞഴിയിൽ ജെ.സി.ബി. ഉപയോഗിച്ച് വലിയ പാത വെട്ടിയും വെള്ളം ഒഴുക്കിവിടുന്നത്. കടലാക്രമണം ശക്തമായാൽ കരയിലേക്കെത്തുന്ന വെള്ളം തിരികെ കടലിലേക്ക് തന്നെ ഒഴുക്കിവിടുന്നതിനുള്ള പ്രവർത്തനങ്ങളുടെ മുന്നോടിയായാണ് തടസ്സങ്ങൾ നീക്കുന്നത്.