ചമ്രവട്ടം : റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ചയടയ്ക്കാൻ നിലവാരം കുറഞ്ഞ ഷീറ്റുകൾ ഉപയോഗിച്ചതിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തവനൂർ നിയോജകമണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി മാർച്ചും പ്രതീകാത്മക തടയണയും നിർമ്മിച്ചു.
നിലവാരം കുറഞ്ഞ ഷീറ്റുകൾ ചൈനയിൽനിന്ന് ഇറക്കിയതിലൂടെ വൻ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും ഇതിനു കളമൊരുക്കിയത് തവനൂർ മണ്ഡലം എം.എൽ.എ.യുടെയും കരാറുകാരുടെയും ഒത്തുകളിയാണെന്നും യൂത്ത് ലീഗ് ആരോപിച്ചു.
മന്ത്രിയായിരിക്കെ തവനൂർ എം.എൽ.എ. എഴുതിയ കത്തിടപാട് ദുരൂഹമാണ്. പാലംപണി പൂർത്തിയായി 12 വർഷം കഴിഞ്ഞിട്ടും ഇതുവരെ ജലസംഭരണം സാധ്യമായിട്ടില്ല. സമരക്കാരും പോലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുല്ലത്തീഫ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് വി.പി.എ. റഷീദ് അധ്യക്ഷത വഹിച്ചു. തവനൂർ മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് എം. അബ്ദുള്ളക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഐ.പി.എ. ജലീൽ, ടി.പി. ഹൈദരലി, മുജീബ് പൂളക്കൽ, പത്തിൽ സിറാജ്, യൂനുസ് പാറപ്പുറം, സലിം അന്താരത്തിൽ, സി.പി. ഷാനിബ്, ഇ.പി. അലി അഷ്കർ, പി.കെ. നാസിക് എന്നിവർ സംസാരിച്ചു.