പൊന്നാനി : നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായശല്യം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക് ഭാരതീയ ദളിത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നിവേദനം നൽകി.
വിദ്യാർഥികൾക്കും പുലർച്ചെ നമസ്‌കാരസമയങ്ങളിൽ പള്ളികളിൽ പോകുന്നവർക്കുമെല്ലാം തെരുവു നായ്‌ക്കൾ ഭീഷണിയാണ്. തെരുവു നായ്ക്കളുടെ ആക്രമണത്തിൽനിന്ന് ആളുകളെ രക്ഷിക്കുവാൻ നഗരസഭാ ഭരണകൂടം തയ്യാറാകണമെന്ന് പൊന്നാനി മണ്ഡലം ഭാരതീയ ദളിത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.കെ. ഭഗീരഥൻ ആവശ്യപ്പെട്ടു.
ഡി.സി.സി. ജനറൽസെക്രട്ടറി ടി.കെ. അഷറഫ്, മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം. അബ്ദുൽ ലത്തീഫ്, കെ. കേശവൻ, ജലീൽ പള്ളിത്താഴത്ത്, ടി. സതീശൻ പള്ളപ്രം, പി. സത്യൻ, കെ. സിദ്ദീഖ്, പി. സുബ്രഹ്മണ്യൻ എന്നിവർ നിവേദകസംഘത്തിലുണ്ടായിരുന്നു.