തിരൂർ: വില കൊണ്ട് കടലിലെ സൂപ്പർ സ്റ്റാറാണ് ഇപ്പോൾ മത്തി. മത്തിയുടെ വില കേട്ടാൽ മീനില്ലാതെ ചോറുണ്ണാത്തവർ പോലും ഈ മീൻ വാങ്ങാനൊന്നു ശങ്കിക്കും. വലയിലും വള്ളത്തിലും കയറി കരയിലെത്തുന്ന മത്തിക്ക് ഇപ്പോൾ 300 രൂപയിലാണ് വില തുടങ്ങുന്നത്. ട്രോളിങ് നിരോധനം തുടങ്ങിയതോടെയാണ് സാധാരണക്കാരുടെ ഈ മത്സ്യത്തിനു തീപിടിച്ച വിലയായത്.

കടലിൽ പോവാൻ അനുവാദമുള്ള ചെറുവള്ളക്കാർക്കും ചെറു ബോട്ടുകാർക്കും ധാരാളം മത്തി ലഭിക്കുന്നുണ്ട്. ചൂടിനെ പേടിച്ച് ആഴക്കടലിലേക്കു പോയ മത്തി മഴ പെയ്തതോടെ ഉപരിതലത്തിലും കരയോടു ചേർന്ന ഭാഗങ്ങളിലും ധാരാളമായി എത്തുന്നുണ്ടെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. എന്നാൽ കരയിലെത്തുന്നതോടെ വില കൂടുകയാണ്. കടലിനോടു ചേർന്ന ഭാഗങ്ങളിൽ മത്തി ഇപ്പോഴും 260 രൂപയ്ക്ക് ലഭിക്കുന്നുണ്ട്. എന്നാൽ ദൂരം കൂടുന്തോറും വില കൂടുകയാണ്. മുന്നൂറിൽ തുടങ്ങി അത് 350 രൂപ വരെയെത്തി നിൽക്കുന്നു. ചിലയിടങ്ങളിൽ അതിലും കൂടുന്നുണ്ട്.

ചെമ്മീനും ധാരാളമായി ചെറുവള്ളങ്ങൾക്ക് ലഭിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികൾ പൂവാലൻ ചെമ്മീൻ എന്നു വിളിക്കുന്ന ഇനമാണ് ഇപ്പോൾ ലഭിക്കുന്നത്. ഇതിന് വലുപ്പത്തിനും ലഭ്യതയ്ക്കും അനുസരിച്ചാണ് വിലയിടുന്നത്. 150 മുതൽ 250 രൂപ വരെയാണ് പലയിടത്തായി ഇതിനു വാങ്ങുന്ന വില. മറ്റു മത്സ്യങ്ങളുടെ വിലയ്ക്കും ഒട്ടും കുറവില്ല. അയലയ്ക്ക് 260 മുതൽ 300 രൂപ വരെയാണ് വില. ചെറുവള്ളങ്ങളാണ് ഇവയെത്തിക്കുന്നത്. മറ്റു മത്സ്യങ്ങൾ ലഭിക്കുന്നതിന്റെ കൂട്ടത്തിലാണ് വല്ലപ്പോഴും അയല കിട്ടുന്നത്. അപ്പോൾ കണക്കാക്കുന്ന വിലയാണ് ഇതിനിടുന്നത്. നത്തോലിയും ഇതുപോലെ കിട്ടുന്നുണ്ട്.

ഇതിന് 160 – 200 രൂപ വരെയാണ് വില. കഴിഞ്ഞ ദിവസം മുതൽ മാന്തയും ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ഇതിന് 300 രൂപ വരെ വിലയിട്ടാണു വ്യാപാരികൾ വാങ്ങുന്നത്. ഇനിയുള്ള ദിവസങ്ങളിൽ വിപണിയിലെത്തുമ്പോൾ വില കൂടാൻ സാധ്യതയുണ്ട്. വളർത്തുമത്സ്യങ്ങളും പുഴമത്സ്യങ്ങളും വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.അടുത്ത ദിവസങ്ങളിൽ തമിഴ്നാട് കടലൂരിൽനിന്നുള്ള മീനും എത്തിത്തുടങ്ങും. ഇവിടെനിന്ന് ധാരാളം മത്തി എത്താൻ സാധ്യതയുണ്ട്. ഇതോടെ മത്തി അടക്കമുള്ള മത്സ്യങ്ങളുടെ വില കുറയാൻ ഇടയുണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *