കോഴിക്കോട്: ചികിത്സയിലിരിക്കെ പെൺകുട്ടി മരിച്ചത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചെന്നു സ്ഥിരീകരിച്ചു. ജൂൺ 12നാണു കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബുവിന്റെയും ധന്യയുടെയും മകൾ ദക്ഷിണ (13) മരിച്ചത്. പരിശോധനാഫലം വന്നപ്പോഴാണു രോഗം സ്ഥിരീകരിച്ചത്. തലവേദനയും ഛർദിയും ബാധിച്ചു കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണു കുട്ടി ആദ്യം ചികിത്സ തേടിയത്. പിന്നീട് ആരോഗ്യം മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

സ്കൂളിൽനിന്നു മൂന്നാറിലേക്കു പഠനയാത്ര പോയ സമയത്തു കുട്ടി പൂളിൽ കുളിച്ചിരുന്നു. ഇതാണു രോഗബാധയ്ക്ക് കാരണമെന്നാണു പ്രാഥമിക നിഗമനം. അമീബ ശരീരത്തിൽ പ്രവേശിച്ചാൽ 5 ദിവസം കൊണ്ടു രോഗലക്ഷണങ്ങൾ കാണുകയും പെട്ടെന്നുതന്നെ ആരോഗ്യസ്ഥിതി മോശമാകുകയും ചെയ്യും. ദക്ഷിണയ്ക്കു പൂളിൽ കുളിച്ച് മൂന്നര മാസം കഴിഞ്ഞാണു ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ജനുവരി 28ന് യാത്രപോയ കുട്ടിക്കു മേയ് എട്ടിനാണു രോഗലക്ഷണം കണ്ടത്.

കഴിഞ്ഞമാസം മലപ്പുറം സ്വദേശിയായ കുട്ടിയും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു മരിച്ചിരുന്നു. മലപ്പുറം മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ ഹസ്സൻ കുട്ടി – ഫസ്‌ന ദമ്പതികളുടെ മകൾ ഫദ്‌വ (5) ആണു മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *