പൊന്നാനി : മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രൂക്ഷമായ കടലേറ്റം സംബന്ധിച്ച് പി. നന്ദകുമാർ എം.എൽ.എ. നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചു.
ഹോട്ട്‌സ്‌പോട്ടുകളിൽ ഉൾപ്പെടുന്ന പൊന്നാനിയിൽ നടക്കുന്ന കടൽഭിത്തി നിർമാണത്തെക്കുറിച്ചും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ടെട്രാപോഡ് കടൽഭിത്തി നിർമാണത്തിന്റെ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതും എം.എൽ.എ. നിയസഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു.
ആധുനികസംവിധാനങ്ങൾ ഉപയോഗിച്ചുള്ള കടൽഭിത്തി നിർമിച്ച് തീരസുരക്ഷയ്ക്ക് ശാശ്വതമായ പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ജലസേചനവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മറുപടി പറഞ്ഞു.
മുറിഞ്ഞഴി, അലിയാർ പള്ളി, ഹിളർ പള്ളി, പുതുപൊന്നാനി, പാലപ്പെട്ടി, കാപ്പിരിക്കാട്, അജ്മീർ പള്ളി, ആശുപത്രി ബീച്ച്് കടപ്പുറം ജുമാമസ്ജിദ്, തണ്ണിത്തുറ, പത്തുമുറി പ്രദേശങ്ങളിൽ രൂക്ഷമായ കടലേറ്റമാണുണ്ടായതെന്നും 13 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതായും എം.എൽ.എ. അറിയിച്ചു.
കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് കടലേറ്റംമൂലം തീരദേശത്തുണ്ടാകുന്നതെന്നും ശാശ്വതപരിഹാരം വേണമെന്നും ആവശ്യപ്പെട്ടു.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന 11 കോടിയുടെ പണികൾ മഴക്കാലത്തിനുമുൻപേ തീർക്കാൻ കഴിയാതിരുന്നത് ഉദ്യോഗസ്ഥരുടെ ഗൗരവക്കുറവുകൊണ്ടാണെന്നും എം.എൽ.എ. കുറ്റപ്പെടുത്തി.
പൊന്നാനി നഗരസഭ, പെരുമ്പടപ്പ്, വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ ശക്തമായ കടലേറ്റമുണ്ടായിട്ടുണ്ടെന്നും 10 കോടി രൂപയുടെ കടൽഭിത്തി നിർമാണം നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നും സബ്മിഷനു മറുപടി നൽകിയ മന്ത്രി പറഞ്ഞു.
170 മീറ്റർ നിർമാണം പൂർത്തിയായി. കള്ളക്കടൽ പ്രതിഭാസവും മഴയും കാരണം പണി തടസ്സപ്പെട്ടു.കാലവർഷം ആരംഭിച്ചതോടെ പണികൾ മന്ദഗതിയിലാണെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
അജ്മീർനഗർ പ്രദേശത്ത് 90 മീറ്ററിൽ ജിയോബാഗ് സ്ഥാപിക്കാൻ 12 ലക്ഷം ദുരന്തദിവാരണ അതോറിറ്റി അനുവദിച്ചിട്ടുണ്ടെന്നും ഇതിന്റെ ടെൻഡർ നടപടികൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
വെളിയങ്കോട് തണ്ണിത്തുറയിലെ ഹാച്ചറി കെട്ടിടം സംരക്ഷിക്കുന്നതിന് നടപടിയെടുക്കുമെന്നും എം.ഇ.എസ്. കോളേജിനു പിന്നിൽ മുറിഞ്ഞഴി ഭാഗത്ത് 105 ലക്ഷം രൂപയുടെ പണികൾ അടിയന്തരമായി നടപ്പാക്കാനുണ്ടെന്നും മന്ത്രി അറിയിച്ചു.
ഹോട്ട്‌സ്‌പോട്ട് പ്രദേശത്തെക്കുറിച്ചുള്ള എൻ.സി.സി.ആറിന്റെ പഠനറിപ്പോർട്ട് ലഭ്യമാകുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.