എരമംഗലം: പെരുമ്പടപ്പ് വില്ലജ് ഓഫീസ് പൊളിച്ച അവശിഷ്ടങ്ങൾ പെരുമ്പടപ്പിൽനിന്ന് ചെറുവല്ലൂർ പോകുന്ന ബണ്ടുറോഡിൽ നിക്ഷേപിക്കുന്നതിന് സി.പി.എം. പ്രവർത്തകർക്ക് അധികൃതർ വഴിവിട്ടു നൽകിയെന്നാരോപിച്ച് യു.ഡി.വൈ.എഫ്. പ്രവർത്തകർ കൊടിനാട്ടി. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തുപരിസരത്തു കിടക്കുന്ന വില്ലേജ് പൊളിച്ച അവശിഷ്ടങ്ങൾക്കു മുകളിലാണ് കോൺഗ്രസിന്റെയും മുസ്‌ലിംലീഗിന്റെയും പതാകകൾ പ്രവർത്തകർ നാട്ടിയത്.
സി.പി.എം. ചെറുവല്ലൂർ ബ്രാഞ്ചിന് വഴിവിട്ടുനൽകിയ അവശിഷ്ടങ്ങൾ ബ്രാഞ്ച് സെക്രട്ടറിയുടെയും വാർഡ് അംഗത്തിന്റെയും നേതൃത്വത്തിൽ പാർട്ടിയുടേതെന്ന രീതിയിൽ ബണ്ടുറോഡിൽ നിക്ഷേപിക്കുകയായിരുന്നുവെന്നാണ് യു.ഡി.വൈ.എഫ്. നേതാക്കളുടെ ആരോപണം.
സംഭവത്തിൽ പെരുമ്പടപ്പ് പോലീസിൽ പരാതി നൽകി. കൊടിനാട്ടൽ പ്രതിഷേധത്തിന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ദിൽഷാദ്, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സലീം ഗ്ലോബ്, പെരുമ്പടപ്പ് വില്ലേജ് ജനകീയ സമിതി അംഗം കെ.പി. റാസിൽ, ബൂത്ത് പ്രസിഡന്റ് ഉമ്മർ ആലുങ്ങൽ, അൻസാർ മനാഫ് പാലപ്പെട്ടി തുടങ്ങിയവർ നേതൃത്വംനൽകി. പെരുമ്പടപ്പ് വിേല്ലജ് ഓഫീസ് പൊളിച്ച അവശിഷ്ടങ്ങൾ നൽകിയത് നല്ല ഉദ്ദേശ്യത്തിലായിരുന്നെന്നും ഇതിനെ രാഷ്‌ട്രീയവത്‌കരിച്ചതിനെപ്പറ്റി അറിയില്ലെന്നും പൊന്നാനി തഹസിൽദാർ എൻ. ജയന്തി പറഞ്ഞു.