പൊന്നാനി : മാലിന്യനിക്ഷേപകരെ തടയാൻ നഗരസഭ സ്ഥാപിച്ച നിരീക്ഷണക്യാമറ സമൂഹവിരുദ്ധർ നശിപ്പിച്ചു. പൊന്നാനി മുറിഞ്ഞഴി 45-ാം വാർഡിലെ നിരീക്ഷണക്യാമറയാണ് നശിപ്പിച്ചത്. സംഭവത്തിൽ പോലീസിൽ പരാതി നൽകി. മാലിന്യനിക്ഷേപം കണ്ടെത്തുന്നതിനും മോഷ്ടാക്കളെ കുടുക്കുന്നതിനും പൂവാലശല്യം തടയുന്നതിനും വേണ്ടി നഗരത്തിന്റെ വിവിധയിടങ്ങളിൽ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയാണ് നശിപ്പിച്ചത്.
45-ാം വാർഡിലെ മുറിഞ്ഞഴിയിൽ സ്ഥാപിച്ച 33,000 രൂപ വിലയുള്ള പോർട്ടബിൾ നീരീക്ഷണക്യാമറ വ്യാഴാഴ്ച രാത്രിയാണ് നശിപ്പിച്ചത്. മെമ്മറി കാർഡ് ഉൾപ്പെടെ നശിപ്പിച്ച നിലയിലാണ്. നാലു മാസം മുമ്പാണ് പൊന്നാനി നഗരസഭയുടെ വിവിധയിടങ്ങളിൽ നിയമലംഘകരെ വെളിച്ചത്തുകൊണ്ടുവരാൻ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചത്.
20 ക്യാമറകളിൽ 10 എണ്ണം പോർട്ടബിൾ സോളാർ ക്യാമറകളാണ്. ഇത് വിവിധയിടങ്ങളിൽ മാറ്റിസ്ഥാപിക്കാവുന്ന തരത്തിലാണ് സജ്ജീകരിച്ചിരുന്നത്. ക്യാമറ പൂർണമായും നശിപ്പിച്ച നിലയിലാണ്. സംഭവത്തെ തുടർന്ന് നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാർ സ്ഥലം സന്ദർശിച്ചു. തുടർന്ന് പൊന്നാനി പോലീസിൽ പരാതി നൽകി.