തിരൂർ: പരീക്ഷണമായി റെയിൽവേ ഓടിക്കുന്ന ട്രെയിൻ വൻവിജയമായതോടെ ട്രെയിനിനു സ്പെഷൽ പദവി ഒഴിവാക്കി സ്ഥിരം പദവി നൽകണമെന്ന് യാത്രക്കാർ. കാലുകുത്താനിടമില്ലാതെയുള്ള മലബാറിലെ യാത്രാദുരിതം ഏറിയതോടെയാണ് ദക്ഷിണ റെയിൽവേ ഷൊർണൂർ – കണ്ണൂർ – ഷൊർണൂർ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ എന്ന പേരിട്ട് പാസഞ്ചർ ട്രെയിൻ ഓടിച്ചത്. കഴിഞ്ഞ 2ന് ഓട്ടം തുടങ്ങിയ ദിവസംതന്നെ വൻ സ്വീകാര്യതയാണ് ട്രെയിനിനു ലഭിച്ചത്.
വൈകിട്ടുള്ള നേത്രാവതിയിലും ഒരു മണിക്കൂർ കഴിഞ്ഞെത്തുന്ന കണ്ണൂർ എക്സ്പ്രസിലും തൂങ്ങിപ്പിടിച്ചു പോയിരുന്ന യാത്രക്കാർക്ക് ആശ്വാസമാണ് പുതിയ വണ്ടി നൽകുന്നത്. കണ്ണൂർ ഭാഗത്തേക്ക് താനൂർ മുതലുള്ള സ്റ്റേഷനുകളിൽ നിന്നുള്ളവർക്ക് ഈ വണ്ടി ഏറെ ഗുണകരമാണ്. രാവിലെ ഷൊർണൂർ ഭാഗത്തേക്ക് പരശുറാം കിട്ടാത്തവർക്കും ഈ വണ്ടി ശുഭയാത്ര നൽകുന്നുണ്ട്.
എന്നാൽ ഈ വണ്ടി ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ മാത്രമാണ് നിലവിൽ ഷൊർണൂരിൽനിന്ന് ഓട്ടം നടത്തുന്നത്. 31ന് ഓട്ടം നിർത്തുകയും ചെയ്യും. തിരിച്ച് ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ മാത്രവും ഓടുന്നു. ഈ ഓട്ടം ഓഗസ്റ്റ് ഒന്നിന് അവസാനിക്കും. പരീക്ഷണം വിജയിച്ചതോടെ ഈ വണ്ടി സ്ഥിരമായി ഓടിക്കാൻ റെയിൽവേ തയാറാകണം, ഇതിനായി പുതിയ ഉത്തരവ് പുറത്തിറക്കണം – യാത്രക്കാരുടെ അഭ്യർഥനകൾ ഇതൊക്കെയാണ്.
എക്സ്പ്രസ് എന്ന പേരിട്ടതിനാൽ വണ്ടിക്ക് മിനിമം 30 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. 200 കിലോമീറ്ററിൽ താഴെ ഓട്ടം നടത്തുന്ന അൺറിസർവ്ഡ് ട്രെയിനുകൾക്ക് കുറഞ്ഞ നിരക്കായി ഈടാക്കുന്നത് 10 രൂപയാണ്. ഈ നിരക്ക് പുതിയ ട്രെയിനിനും ബാധകമാക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്.