പൊന്നാനി: കയ്യേറ്റക്കാർക്കെതിരെ കർശന നടപടിയുമായി നഗരസഭാ അധികൃതർ കുണ്ടുകടവ് ജംക്‌ഷനിലിറങ്ങി. ഒറ്റ ദിവസം കൊണ്ട് 20 വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ചു. പൊലീസ് സന്നാഹത്തോടെയായിരുന്നു നഗരസഭയുടെ നടപടി. ഒട്ടേറെ കച്ചവടക്കാർ കുണ്ടുകടവിലുണ്ടായിരുന്നെങ്കിലും 5 പേർക്കു മാത്രമാണ് ലൈസൻസുണ്ടായിരുന്നത്. കുണ്ടുകടവ് സൗന്ദര്യവൽക്കരണവും നടപ്പാത നിർമാണവുമായി ബന്ധപ്പെട്ടാണു കയ്യേറ്റക്കാരെ ഒഴിപ്പിക്കാൻ നഗരസഭ രംഗത്തിറങ്ങിയത്. റോഡരികിൽ വ്യാപകമായ കയ്യേറ്റമാണു നടന്നിരുന്നത്. വഴിയോരത്തു കാൽനടയാത്രക്കാർക്കു പോലും ബുദ്ധിമുട്ടാകുന്ന തരത്തിലായിരുന്നു പല കച്ചവടങ്ങളും. നടപ്പാത നിർമിക്കുന്നതിനായി പുറമ്പോക്കിലെ ചില വീടുകളും പൊളിക്കേണ്ടി വരും.
ഇവർക്കു പുനരധിവാസം ഒരുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇതുവരെയും തീരുമാനമായിട്ടില്ല. കുണ്ടുകടവ് മുതൽ പുളിക്കക്കടവ് കായൽ ടൂറിസം പ്രദേശം വരെ മനോഹരമായ ടൂറിസം നടപ്പാത നിർമിക്കാൻ പദ്ധതിയുണ്ടെങ്കിലും കയ്യേറ്റക്കാരെക്കൊണ്ട് പദ്ധതി നടപ്പാക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.