ചമ്രവട്ടം: എടപ്പാളിനെയും തിരൂരിനെയും ബന്ധിപ്പിക്കുന്ന ദിനം പ്രതി ആയിരക്കണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന എടപ്പാൾ നരിപ്പറമ്പ് റോഡിൽ നരിപ്പറമ്പ് ഭാഗത്ത് റോഡിന്‍റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തവനൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ സൂചകമായി വാഴ റോഡിൽ നട്ടു കൊണ്ട് പ്രതിഷേധിച്ചു.
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പ് സമ്പൂർണ്ണ പരാജയം ആണെന്നും, സ്ഥലം എംഎൽഎക്ക് ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഭാവി ഇല്ലാത്തതുകൊണ്ടാണോ മണ്ഡലത്തിൽ ഇത്തരത്തിലുള്ള വിഷയങ്ങളിൽ ഇടപെട്ട് പരിഹാരം കാണാത്തതെന്ന് സംസ്ഥാന യൂത്ത് കോൺഗ്രസ് സെക്രട്ടറി ടി എം മനീഷ് ചോദിച്ചു.ഈ റോഡ് ഉയർത്തി കോൺക്രീറ്റ് ചെയ്തൊ,കട്ട വിരിച്ചോ ശാസ്ത്രീയമായി ഈ വിഷയത്തിൽ പരിഹാരം കാണണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
പ്രതിഷേധ യോഗത്തിൽ തവനൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് വൈശാഖ് തൃപ്രങ്ങോട് അധ്യക്ഷത വഹിച്ചു.സംസ്ഥാന യൂത്ത് കോൺഗ്രസ് സെക്രട്ടറി ടി എം മനീഷ് ഉദ്ഘാടനം ചെയ്തു.കിരൺ ദാസ് ,മുഹൈബ് കാടഞ്ചേരി ,യാസീൻ തട്ടാംപടി,പ്രണവ് ചന്ദ്രൻ,വിനീത് കെ ടി ,അബ്ദുറഹ്മാൻ വി പി ,ഷാഹിദ് കെ,ഷെരീഫ് യു എന്നിവർ സംസാരിച്ചു.