പകർച്ചവ്യാധി വ്യാപനഭീഷണി നിലനിൽക്കുന്ന സംസ്ഥാനത്ത് ഒരു ഇടവേളയ്ക്കു ശേഷം കോളറ ബാധ കൂടി സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് നമ്മുടെ ആരോഗ്യമേഖല. കഴിഞ്ഞ 6 മാസത്തിനിടെ 9 പേർക്കാണ് കോളറ പിടിപെട്ടത്. തിരുവനന്തപുരത്ത് ഭിന്നശേഷി ഹോസ്റ്റലിലെ അന്തേവാസിയായ യുവാവ് മരിച്ചതു കോളറ മൂലമാണെന്നു സ്ഥിരീകരിച്ചതോടെ, രോഗവ്യാപനം തടയാൻ അടിയന്തര മുൻകരുതലകളെടുക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
മഴവെള്ളമോ മലിനജലമോ കുടിക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മലിനജലത്തിലൂടെ പരക്കുന്ന വിബ്രിയോ കോളറെ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഗുരുതര രോഗമാണ് കോളറ. ശരീരത്തിലെ ജലാംശം ഛര്‍ദിയും അതിസാരവും മൂലം നഷ്ടപ്പെട്ടു ചെറുകുടല്‍ ചുരുങ്ങുന്ന രോഗമാണ് ഇത്. മഴക്കാലമായതിനാല്‍ ശൗചാലയങ്ങളിലെ വെള്ളം കുടിവെള്ളത്തിലും ആഹാര പദാര്‍ഥങ്ങളിലും കലരാന്‍ സാധ്യതയുണ്ട്. മലിനജല കനാലുകളിലൂടെ പോകുന്ന കുടിവെള്ള പൈപ്പുകളുടെ ചോര്‍ച്ചയിലൂടെയും കോളറ ബാക്ടീരിയ കുടിവെള്ളത്തില്‍ കലരാം.
പടരാൻ പല കാരണങ്ങൾ
ഉത്തരേന്ത്യയിൽ വ്യാപകമായി കണ്ടുവരുന്ന രോഗം ഇതര സംസ്ഥാന തൊഴിലാളികളിലൂടെ സംസ്ഥാനത്തേക്ക് എത്താമെന്ന വാദം ശക്തമാണ്. മാത്രമല്ല, വൃത്തിഹീനമായ സാഹചര്യത്തില്‍ കഴിയുന്ന പല ഇതര സംസ്ഥാന തൊഴിലാളികളും വ്യക്തിശുചിത്വം പാലിക്കുന്നതിൽ ശ്രദ്ധിക്കാറുമില്ല. വിബ്രിയോ കോളറെ ബാക്ടീരിയം മണ്‍സൂണ്‍ കാലത്ത് പെരുകുകയും മനുഷ്യ വിസര്‍ജ്യങ്ങളിലൂടെ അഴുക്കുചാലുകളിലും കുടിവെള്ളത്തിലും കൃഷിയിടങ്ങളിലും എത്തിച്ചേരുകയും ചെയ്യും. കുടിവെള്ളം മലിനമായാല്‍ കോളറ ഉറപ്പാണ്. സെപ്റ്റിക് ടാങ്കുകള്‍ വഴി ഭൂഗര്‍ഭ ജലസ്രോതസുകള്‍ മലിനമാകാന്‍ ഏറെ സാധ്യതയുണ്ട്. കക്കൂസ് മാലിന്യങ്ങള്‍ പുഴകളിലും ഓടകളിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും തള്ളുന്നതും രോഗത്തിന്റെ ആക്കം കൂട്ടുന്നു.
ആദ്യലക്ഷണങ്ങൾ
∙ഛര്‍ദി
∙ വയറിളക്കം
∙ കാലുകള്‍ക്ക് ബലക്ഷയം
∙ ചെറുകുടല്‍ ചുരുങ്ങല്‍
∙ ശരീരത്തില്‍നിന്ന് അമിതമായി ജലാംശം നഷ്ടപ്പെടല്‍
∙ തളര്‍ച്ച, വിളര്‍ച്ച
∙ മൂത്രമില്ലായ്മ
∙ തൊലിയും വായയും ചുക്കിച്ചുളിയുക
∙ കണ്ണീര്‍ ഇല്ലാത്ത അവസ്ഥ
∙ കുഴിഞ്ഞ കണ്ണുകള്‍
∙ മാംസ പേശികളുടെ ചുരുങ്ങല്‍
∙ നാഡീ മിടിപ്പില്‍ ക്രമാതീതമായ വര്‍ധന
∙ ഭക്ഷണ പദാര്‍ഥങ്ങള്‍ ദഹിക്കാതെ പുറത്തുവരുന്ന അവസ്ഥ
കോളറയുടെ ജനനം
കോളറ ഉണ്ടാക്കുന്നത് കോമ ആകൃതിയിലുള്ള വിബ്രിയോ കോളറെ എന്ന ബാക്ടീരിയ ആണെങ്കിലും രോഗം വരുന്നതിനു കാരണം ഈ ബാക്ടീരിയ ഉൽപാദിപ്പിക്കുന്ന സിടിഎക്‌സ് (കോളറ ടോക്‌സിന്‍) എന്ന വിഷാംശമാണ്. ചെറു കുടലില്‍ എത്തുന്ന വിബ്രിയോ കോളറെ സിടിഎക്‌സ് വിഷം ഉൽപാദിപ്പിക്കാൻ കാരണം അവരെ ആക്രമിക്കുന്ന ഒരു തരം വൈറസ് ആണ്. 1959 ല്‍ ആണ് കോളറ ടോക്‌സിന്‍ എന്ന കോളറാജന്‍ കണ്ടെത്തുന്നത്. ചെറുകുടലിന്റെ ഭിത്തിയുമായി ചേരുന്ന സിടിഎക്‌സ് സോഡിയത്തിന്റെയും ക്ലോറൈഡിന്റെയും സാധാരണയുള്ള ചംക്രമണത്തെ തടസപ്പെടുത്തുകയും ധാരാളം ജലാംശം വയറിളക്കം മൂലം നഷ്ടപ്പെടുത്തുകയും ചെയ്യും. കക്കയിറച്ചി, വേവിക്കാത്ത പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയിലൂടെയും വിബ്രിയോ കോളറെയെന്ന രോഗാണുവിന് ശരീരത്തിലെത്താവുന്നതാണ്.
സമുദ്ര വിഭവങ്ങളിലും ജാഗ്രത വേണം
കോളറ രോഗാണുക്കള്‍ തീരദേശ ജലാശയങ്ങളിലാണ് സാധാരണയായി കണ്ടുവരുന്നത്. ചെമ്മീന്‍, കൊഞ്ച് എന്നിവയിലെല്ലാം വിബ്രിയോ കോളറെ ഉണ്ടാകാം. കഴുകാതെയും വേവിക്കാതെയും വൃത്തിയില്ലാതെയും സമുദ്ര വിഭവങ്ങള്‍ ഭക്ഷിക്കുമ്പോൾ ഈ രോഗാണുക്കള്‍ ശരീരത്തിലെത്തും. ചെമ്മീനും ഞണ്ടും കക്കയിറച്ചിയും ശരിയായി പാകം ചെയ്യാതെ കഴിക്കുന്നത് കോളറയ്ക്ക് കാരണമാകാറുണ്ട്. ‘ഒ’ രക്ത ഗ്രൂപ്പുകാരെയാണ് കൂടുതലായി ഈ രോഗം ബാധിക്കുന്നത് എന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്.
ധാരാളം വെള്ളം കുടിക്കുക, വൃത്തിയുള്ള ഭക്ഷണം കഴിക്കുക, പ്രതിരോധ വാക്‌സീനുകളായ ഡ്യൂക്കറോള്‍, ഷാന്‍ച്ചോള്‍ എന്നിവ ഉപയോഗിക്കുക എന്നിവയാണ് കോളറയെ തടുക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍.
കോളറയുടെ വരവ്
കോളറ ബാക്ടീരിയയെ 1883 ല്‍ കണ്ടെത്തിയത് മൈക്രോ ബയോളജി ശാസ്ത്ര ശാഖയുടെ പിതാവായി അറിയപ്പെടുന്ന റോബര്‍ട്ട് കോച്ച് എന്ന ജര്‍മന്‍ ശാസ്ത്രജ്ഞനാണ്. കോളറ ലോകത്തെമ്പാടും പടരാന്‍ തുടങ്ങിയത് 1816 മുതല്‍ 1826 വരെയുള്ള കാലത്താണ്. 1820 ല്‍ ബംഗാളിലാണ് ഇന്ത്യയില്‍ ആദ്യമായി കോളറ റിപ്പോര്‍ട്ട് ചെയ്തത്. ആയിരക്കണക്കിന് ഇന്ത്യന്‍- ബ്രിട്ടിഷ് പട്ടാളക്കാര്‍ രോഗം മൂലം അന്ന് മരിച്ചു. ഇന്തൊനീഷ്യയില്‍ അക്കാലത്ത് കോളറ മൂലം മരിച്ചത് ഒരു ലക്ഷം പേരാണ്. ഈജിപ്തില്‍ 1,30,000 പേര്‍ മരിച്ചു. 1851 ആയപ്പോഴേക്കും റഷ്യ, ക്യൂബ, അമേരിക്ക എന്നിവിടങ്ങളിലും കോളറ മൂലം ജനം മരിക്കാന്‍ തുടങ്ങി. 1920 കളില്‍ റഷ്യയില്‍ ജീവന്‍ പൊലിഞ്ഞത് അഞ്ച് ലക്ഷം പേര്‍ക്കാണ്. രണ്ടായിരത്തില്‍ ലോകാരോഗ്യ സംഘടന 1,40,000 പേര്‍ക്ക് കോളറ സ്ഥിരീകരിച്ചു. 2010ല്‍ നൈജീരിയയില്‍ 352 പേര്‍ മരിച്ചു.
ഇടവിട്ട് തലപൊക്കുന്ന കോളറ
കേരളത്തില്‍നിന്നു കോളറ രോഗം തുടച്ചുനീക്കപ്പെട്ടു എന്ന അവകാശവാദമുണ്ടായിരുന്നെങ്കിലും 2009 മുതല്‍ രോഗം അവിടെവിടെയായി കണ്ടുതുടങ്ങിരുന്നു. 2016 ൽ പാലക്കാട്ടെ പട്ടഞ്ചേരിയില്‍ മാത്രം 80 പേർക്കായിരുന്നു രോഗലക്ഷണം. മലപ്പുറത്ത് 25 പേര്‍ക്ക് ലക്ഷണങ്ങള്‍ സ്ഥിരീകരിച്ചു. 2013 ല്‍ വയനാട്ടിലെ മുട്ടില്‍ പഞ്ചായത്തില്‍ 30 പേര്‍ക്കെങ്കിലും രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. പിന്നീട് വ്യാപകമായി കേരളത്തിലെവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെങ്കിലും അവിടെവിടങ്ങളിലായി സ്ഥിരീകരിക്കുന്ന അവസ്ഥയുണ്ടായി.
മലപ്പുറം ജില്ലയിലെ അഴുക്കു ചാലുകളില്‍നിന്നു ശേഖരിച്ച സാംപിളുകളില്‍ കോളറ പരത്തുന്ന വിബ്രിയോ കോളറെ എന്ന ബാക്ടീരിയമുണ്ടെന്ന് കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഫുഡ് ക്വാളിറ്റി അഷ്വറന്‍സ് ലബോറട്ടറിയില്‍ 2016 ജൂലൈയില്‍ നടത്തിയ പരിശോധനയിൽ കണ്ടെത്തി. കുറ്റിപ്പുറത്തെ അഴുക്കുചാലിലെ മലിനജലമാണ് പഠനവിധേയമാക്കിയത്. ഇവിടെ അതിസാരം മൂലം രണ്ട് പേര്‍ മരിച്ചിരുന്നു. അതിനു മുൻപ് 2018 ലാണ് ഏറ്റവും ഒടുവിലായി കോളറ കാരണം സംസ്ഥാനത്തൊരു മരണം സംഭവിച്ചത്.