പൊന്നാനി: വീടുകളിലേക്കാവശ്യമായ പൂക്കൾ തദ്ദേശീയമായി ഉദ്പാദിപ്പിക്കാനൊരുങ്ങി പൊന്നാനി നഗരസഭ.വാർഡ് തലങ്ങളിൽ പൂപ്പാടങ്ങൾ ഒരുക്കാനാണ് പദ്ധതി. നഗരസഭാ അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് പൂപ്പാടങ്ങളൊരുക്കുന്നത്.
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൂക്കൃഷിയുടെ വ്യാപനം സാധ്യമാക്കുന്നത്. ചെണ്ടുമല്ലി, ജമന്തി എന്നിവയാണ് ആദ്യഘട്ടത്തിൽ പൂപ്പാടങ്ങളിൽ നട്ടുവളർത്തുന്നത്.പദ്ധതിയുടെ ഉദ്ഘാടനം ഈശ്വരമംഗലം ശ്മശാനത്തിന് സമീപം നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ചെണ്ടുമല്ലി തൈകൾ നട്ട് നിർവഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ രജീഷ് ഊപ്പാല, ടി. മുഹമ്മദ് ബഷീർ, കൗൺസിലർമാരായ കെ.വി. ബാബു, വി.പി. പ്രഭീഷ്, ഷാലി പ്രദീപ്, കെ. നസീമ, രാധാകൃഷ്ണൻ, തൊഴിലുറപ്പ് എ.ഇ. നിഖിൽ, കെ. ദിവാകരൻ, സി.ഡി.എസ്. പ്രസിഡന്റ് ധന്യ എന്നിവർ പങ്കെടുത്തു