വെളിയങ്കോട്: മഴ ശക്തമായതോടെ പാലപ്പെട്ടി മേഖലയിലെ 50 വീടുകളും സ്കൂളും വെള്ളക്കെട്ടിൽ. പെരുമ്പടപ്പ് പഞ്ചായത്തിലെ ഒന്നാം വാർഡായ പാലപ്പെട്ടി പുതിയിരുത്തിയിലാണ് വീടുകൾക്കു ചുറ്റും വെള്ളം കെട്ടിനിൽക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ 4 ദിവസമായി വീടുകളും റോഡുകളും വെള്ളക്കെട്ടിലാണ്. വീടുകൾക്ക് ചുറ്റും വെള്ളം കെട്ടിനിൽക്കുന്നതിനാൽ ഇരുനൂറോളം പേർക്ക് വീടുകളിൽനിന്ന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ കാന നിർമിച്ചെങ്കിലും കാനയിൽനിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടാൻ സംവിധാനമില്ലാതെ വന്നതോടെ വെള്ളക്കെട്ട് തുടരുകയാണ്.
വെള്ളം കെട്ടിക്കിടക്കുന്ന കാനയിൽ നിന്ന് റോഡിന്റെ അരികിലൂടെ തോട്ടിലേക്ക് വെള്ളം ഒഴുക്കിവിടാൻ മണ്ണുമാന്തിയന്ത്രവുമായി കുടുംബങ്ങൾ എത്തിയെങ്കിലും റോഡിന്റെ വശം പൊളിക്കുന്നത്‍ സമീപവാസികൾ തടയുകയായിരുന്നു. ജനപ്രതിനിധികളും പെരുമ്പടപ്പ് പൊലീസും ഇവരുമായി ചർച്ച നടത്തിയെങ്കിലും താൽക്കാലിക കാന പൊളിക്കാനായില്ല. പാലപ്പെട്ടി ഗവ. ഹയർസെക്കൻഡറി സ്കൂളിലും വെള്ളക്കെട്ട് തുടരുകയാണ്. നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിൽനിന്ന് വെള്ളം ഒഴുകി എത്തിയതോടെയാണ് സ്കൂളിനു ചുറ്റും വെള്ളക്കെട്ട് ഉണ്ടായത്. വെള്ളക്കെട്ട് തുടരുമ്പോഴും പഞ്ചായത്ത്, റവന്യു ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചു.