പൊന്നാനി : നഗരസഭാ പ്രദേശത്ത് മലമ്പനി റിപ്പോർട്ടുചെയ്ത സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ അവലോകനംചെയ്യുന്നതിന് വകുപ്പുതല മേധാവികളുടെ അടിയന്തരയോഗം ചേർന്നു. നഗരസഭയും ആരോഗ്യവകുപ്പും വെക്ടർ കൺട്രോൾ യൂണിറ്റും സംയുക്തമായാണ് പ്രതിരോധപ്രവർത്തനം നടത്തുന്നത്.

കൊതുകുകൾ മുട്ടയിട്ട് പെരുകുന്നതുതടയാൻ ഉറവിടനശീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുവാൻ യോഗം തീരുമാനിച്ചു. വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനും രാത്രികാലങ്ങളിലും സന്ധ്യാസമയത്തും വീടുകൾ കേന്ദ്രീകരിച്ച് ജൈവകൊതുകുനാശിനി തളിക്കുവാനും രക്തപരിശോധന ഊർജിതമാക്കുവാനും തീരുമാനിച്ചു.

മലമ്പനി കണ്ടെത്തിയ അഞ്ചാം വാർഡിനുപുറമേ സമീപവാർഡുകളായ നാല്, ആറ്, ഏഴ്, 31 വാർഡുകളിലും വീടുകൾ സന്ദർശിച്ച് രക്തം പരിശോധിച്ച് രോഗനിർണയം നടത്തും. വാർഡുതലത്തിൽ ആരോഗ്യ ജാഗ്രതാസമിതിയുടേയും സാനിറ്റേഷൻ കമ്മിറ്റിയുടേയും നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി.

ശുചിത്വജാഗ്രതാ നിർദേശങ്ങൾ നൽകുവാനും അന്യസംസ്ഥാന തൊഴിലാളികൾക്കായി രക്തപരിശോധനാ ക്യാമ്പുകൾ സംഘടിപ്പിക്കുവാനും തീരുമാനിച്ചു.

മഴയുടെ തീവ്രത കുറയുന്ന മറയ്ക്ക് ഫോഗിങ് നടത്തുവാനും ആവശ്യമായ ഫോഗിങ് മെഷീനുകൾ വാങ്ങുവാനും യോഗത്തിൽ ധാരണയായി.

നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. ഷുബിൻ, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. വിജിത് വിജയശങ്കർ, ജില്ലാ എപ്പിഡോമോളജിസ്റ്റ് കിരൺ രാജ്, മെഡിക്കൽ സൂപ്രണ്ടുമാരായ ഡോ. സുരേഷ്, ഡോ. ശ്രീജ, നഗരസഭാ സെക്രട്ടറി സജിറൂൺ തുടങ്ങിയവർ സംസാരിച്ചു.ആരോഗ്യ പ്രവർത്തകർ ഗ്യഹസന്ദർശനം നടത്തി 388 രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചു. റാപ്പിഡ് പരിശോധനയിൽ പുതിയ കേസുകൾ ഒന്നും കണ്ടെത്തിയിട്ടില്ല. നിലവിൽ മൂന്നുപേർക്കാണ് മലമ്പനി കണ്ടെത്തിയിട്ടുള്ളത്.

മാസ്ക് ധരിക്കണം: എച്ച്1 എൻ1 പ്രതിരോധത്തിന്റെ ഭാഗമായി പ്രദേശത്ത് പനി സർവേയും ആരംഭിച്ചിട്ടുണ്ട്. സമ്പർക്കത്തിലുള്ളവർക്ക് പ്രതിരോധ മരുന്നുനൽകും. പ്രദേശത്തുള്ളവർ മാസ്ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

 

Related Post

Leave a Reply

Your email address will not be published. Required fields are marked *